കേരളം
സംസ്ഥാന ഐടി മിഷന് വീണ്ടും ദേശീയാംഗീകാരം
ഇ-ടെൻഡർ പോർട്ടലിന്റെ മികച്ച നടത്തിപ്പിന് സംസ്ഥാന ഐടി മിഷന് ദേശീയ അംഗീകാരം. ഐടി മിഷന് കീഴിലുള്ള ഇ-ടെൻഡേഴ്സ് പോർട്ടലിനാണ് കേന്ദ്ര ധന, ഇലക്ട്രോണിക്സ് മന്ത്രാലയങ്ങളുടെയും എക്സ്പെൻഡിച്ചർ വകുപ്പിന്റെയും പുരസ്കാരം ലഭ്യമായത്.
നാഷണൽ ഇൻഫോമാറ്റിക്സ് സെന്റർ (എൻഐസി) രൂപകൽപ്പന ചെയ്ത ഇ–ടെൻഡർ പോർട്ടലിലൂടെയാണ് അഞ്ച് ലക്ഷം രൂപയ്ക്ക് മുകളിലുള്ള ടെൻഡറുകൾ നൽകുന്നത്. കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ ടെൻഡറുകൾ സുതാര്യതയോടെയും കാര്യക്ഷമമായും തെറ്റുകളില്ലാതെയും നടപ്പാക്കിയതാണ് ഐടി മിഷനെ പുരസ്കാരത്തിന് അർഹമാക്കിയത്. ഡൽഹിയിൽ നടന്ന ചടങ്ങിൽ എൻഐസി ഡയറക്ടർ രാജേഷ് ഗേരയിൽ നിന്ന് സംസ്ഥാന ഐടി മിഷൻ ഡയറക്ടർ അനുകുമാരി, എൻഐസി പ്രോഗ്രാം കോ ഓർഡിനേറ്റർ ജി ബീന എന്നിവർ ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി.
ദേശീയതലത്തിൽ ‘നെസ്ഡ’യുടെ മികച്ച പ്രവർത്തനത്തിനുള്ള പുരസ്കാരം തുടർച്ചയായി രണ്ടുതവണ ലഭ്യമായതിന് പിന്നാലെയാണ് ഇ–ടെൻഡർ പോർട്ടൽ നടത്തിപ്പിനുള്ള പുരസ്കാരവും ഐടി മിഷനെ തേടിയെത്തിയത്. ടെക്നോളജി സഭ അവാർഡ്, മാപ്പത്തോൺ പദ്ധതിക്കുള്ള പുരസ്കാരം എന്നിവ ഐടി മിഷന് ലഭിച്ചിരുന്നു. നാസ്കോം ക്ലൗഡ് ഇൻഫ്രാസ്ട്രക്ചർ അവാർഡ് ഐടി മിഷന് കീഴിലുള്ള ഡാറ്റാസെന്ററിനും ലഭിച്ചിരുന്നു.