കേരളം
മെഡി. കോളേജിലെ പീഡനം: മൊഴി മാറ്റാൻ സമ്മർദ്ദം ചെലുത്തി ജീവനക്കാർ; അതിജീവിതയ്ക്ക് സുരക്ഷയേർപ്പെടുത്തി
കോഴിക്കോട് മെഡി. കോളേജിൽ ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ പരാതി പിൻവലിപ്പിക്കാൻ അതിജീവിതയ്ക്ക് മേൽ ജീവനക്കാർ സമ്മർദ്ദം ചെലുത്തിയ കാര്യം സ്ഥിരീകരിച്ച് ആശുപത്രി സൂപ്രണ്ട്. കേസിൽ പ്രതിയായ ആശുപത്രി ജീവനക്കാരൻറെ സഹപ്രവർത്തകരായ വനിതാ ജീവനക്കാരാണ് സമ്മർദ്ദപ്പെടുത്തുന്നതെന്ന് യുവതിയുടെ ഭർത്താവ് പറഞ്ഞിരുന്നു. സംഭവത്തെക്കുറിച്ച് സൂപ്രണ്ടിന് രേഖാമൂലം പരാതി നൽകിയിരുന്നു. സമ്മർദ്ദത്തിന് വഴങ്ങാത്തതിനെ തുടർന്ന് യുവതിക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്ന് വരുത്തി തീർക്കാൻ ശ്രമം നടക്കുന്നതായും ഭർത്താവ് ആരോപിച്ചു. ഭർത്താവിൻ്റെ ഈ ആരോപണങ്ങൾ ശരിവയ്ക്കുകയാണ് ആശുപത്രി സൂപ്രണ്ടും.
ഇരയോട് ജീവനക്കാർ മോശമായി പെരുമാറുകയും സമ്മർദ്ദം ചെലുത്തി മൊഴി മാറ്റാൻ ശ്രമിക്കുകയും ചെയ്തുവെന്നും ഡോക്ടർമാർ അല്ലാതെ മറ്റാരും ഇനി യുവതി ചികിത്സയിലുള്ള വാർഡിൽ പ്രവേശിക്കരുതെന്നും ആശുപത്രി സൂപ്രണ്ട് പുറത്തിറക്കിയ സർക്കലുറിൽ പറയുന്നു. ഇരയായ സ്ത്രീയെ സമീപിച്ച ജീവനക്കാരുടെ പേരും തസ്തികയും അടക്കമുള്ള വിവരങ്ങൾ സർക്കുലറിലുണ്ട്. മജിസ്ട്രേറ്റ് കോടതിയിലേക്ക് പോകുന്ന കേസിൽ ഇരയെ സ്വാധീനിക്കാൻ ശ്രമിച്ചത് അതീവഗുരുതരമായ വിഷയമാണെന്നും ഇതിന്റെ പേരിൽ ഉണ്ടാവാൻ സാധ്യതയുള്ള എല്ലാ പ്രശ്നങ്ങളും ജീവനക്കാർ നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പും ആശുപത്രി സൂപ്രണ്ടിൻ്റെ സർക്കുലറിലുണ്ട്.
പരാതി പിൻവലിക്കാൻ ഇരയെ മാനസികമായി വിഷമിപ്പിച്ചെന്നും പണം നൽകാമെന്ന് വാഗ്ദാനം ചെയ്തുവെന്നും വകുപ്പ് മേധാവിമാർക്ക് അയച്ച സർക്കുലറിൽ സൂപ്രണ്ട് പറയുന്നു. അതിജീവിതയ്ക്ക് വാർഡിൽ പ്രത്യേക സുരക്ഷ ഏർപ്പെടുത്തിയതായും വനിത സുരക്ഷാ ജീവനക്കാരെ നിയോഗിച്ചതായും അറിയിച്ച സൂപ്രണ്ട് ഡോക്ടർമാർ ഒഴികെ മറ്റുള്ളവർ വാർഡിൽ പ്രവേശിക്കുന്നതിന് വിലക്കിയിട്ടുമുണ്ട്.