കേരളം
ബ്രഹ്മപുരം തീപിടുത്തം; കോര്‍പറേഷന്‍ സെക്രട്ടറിയും ജില്ലാ കലക്ടർ ഉൾപ്പെടെ ഹാജരാകണമെന്ന് ഹൈക്കോടതി
ബ്രഹ്മപുരം തീപിടുത്തത്തില്‍ ഉത്തരവാദിത്തം നിറവേറ്റുന്നതില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് പരാജയപ്പെട്ടുവെന്ന് ഹൈക്കോടതി. സംഭവത്തില്‍ കോര്‍പറേഷന്‍ സെക്രട്ടറി നേരിട്ട് ഹാജരാകണം. ഇന്നുച്ചയ്ക്ക് 1.45ന് ഹാജരാകണമെന്നാണ് നിര്‍ദേശം.
കോര്‍പറേഷന്‍ സെക്രട്ടറിക്ക് പുറമേ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാനോടും ജില്ലാ കളക്ടറോടും കോടതി ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഗ്യാസ് ചേംബറില്‍പ്പെട്ട അവസ്ഥയാണ് നിലവില്‍. സംഭവത്തില്‍ കുറ്റക്കാര്‍ ശിക്ഷിക്കപ്പെടണമെന്ന് കോടതി വ്യക്തമാക്കി. ഓരോ ദിവസവും നിര്‍ണായകമാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഖരമാലിന്യ സംസ്‌കരണ റിപ്പോര്‍ട്ട് ഉച്ചയ്ക്ക് മുന്‍പ് സമര്‍പ്പിക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
കൊച്ചിയില്‍ കഴിഞ്ഞ ദിവസത്തേക്കാള്‍ പുക രൂക്ഷം. വൈറ്റില കുണ്ടന്നൂര്‍ ദേശീയ പാതയില്‍ പുക കാഴ്ച മറച്ചിരിക്കുകയാണ്. കുണ്ടന്നൂര്‍, തൃപ്പൂണിത്തുറ, ഇരുമ്പനം, വൈറ്റില മേഖലകളിലുമ പുക രൂക്ഷമാണ്.ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തത്തിന്റെ പുകശല്യം ശാശ്വതമായി പരിഹരിക്കാന്‍ സ്വീകരിച്ച നടപടികള്‍ അറിയിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.
നടപടികള്‍ രണ്ടാഴ്ചക്കകം അറിയിക്കണമെന്നാണ് നിര്‍ദേശം. ചീഫ് സെക്രട്ടറി, എറണാകുളം ജില്ലാ കളക്ടര്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്‍വയണ്‍മെന്റല്‍ എഞ്ചിനിയര്‍, കൊച്ചി നഗരസഭാ സെക്രട്ടറി എന്നിവര്‍ക്കാണ് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് നോട്ടീസയച്ചത്.