കേരളം
സംസ്ഥാനത്ത് മാർച്ച് മാസത്തിൽ താപനില കുറയാൻ സാധ്യതയെന്ന് റിപ്പോർട്ട്
സംസ്ഥാനത്ത് മാർച്ച് മാസത്തിൽ താപനില കുറയാൻ സാധ്യതയെന്ന് റിപ്പോർട്ട്. കേന്ദ്രകാലാവസ്ഥാ നിരീക്ഷണകേന്ദ്രം പുറത്തു വിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്.
സാധാരണയിലും ചൂട് കുറയാൻ സാധ്യതയെന്നാണ് പ്രവചനം. സാധാരണ മാർച്ച് മാസത്തിൽ ലഭിക്കുന്നതിലും കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പ്രവചിക്കുന്നു.
അതേസമയം തെക്കൻ കേരളത്തിലും മധ്യകേരളത്തിലും ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. ഇന്ന് ഇടുക്കി ലോവർ റേഞ്ച് ,കോട്ടയം കിഴക്ക് ഭാഗം, പത്തനംതിട്ട കിഴക്ക് ഭാഗം, തിരുവനന്തപുരം ,കൊല്ലം മലയോര മേഖലകളിൽ രാത്രിയോടെ ചെറിയതോതിൽ വേനൽ മഴ ലഭിച്ചേക്കാനാണ് സാധ്യത.
മാർച്ച് ഒന്നിന് തൃശൂർ പാലക്കാട് അതിർത്തിയിലും പീച്ചി വാഴാനി മേഖലയിലും , മലപ്പുറം ജില്ലയിലെ നീലഗിരി കിഴക്കൻ വനമേഖലയിലും അൽപ്പം മഴ സാധ്യതയുണ്ട്. നീലഗിരി, വാൽപ്പാറ മൂന്നാർ മേഖലകളിൽ ശരാശരി തണുത്ത കാലാവസ്ഥ തുടരും . മറ്റിടങ്ങളിൽ കനത്ത പകൽ ചൂട് തുടരാനാണ് സാധ്യത. തീരദേശങ്ങളിൽ ഇടനാടുകളെ അപേക്ഷിച്ച് ചൂട് കുറവായിരിക്കുമെന്നും കാലാവസ്ഥ നിരീക്ഷകർ പറയുന്നു.