കേരളം
മുരളിയുടെ പ്രതിമാനിര്‍മാണം; വ്യാജ വാര്‍ത്തകളില്‍ വഞ്ചിതരാകരുതെന്ന് കേരള സംഗീത നാടക അക്കാദമി
മുരളിയുടെ പ്രതിമാനിര്‍മാണവുമായി ബന്ധപ്പെട്ട വ്യാജ വാര്‍ത്തകളില്‍ വഞ്ചിതരാകരുതെന്ന് കേരള സംഗീത നാടക അക്കാദമി. വിവാദത്തില്‍ ശില്പി വില്‍സണ്‍ പൂക്കായി സമര്‍പ്പിച്ച നിവേദനം അംഗീകരിച്ച് മുന്‍കൂറായി നല്‍കിയിരുന്ന തുക സര്‍ക്കാര്‍ എഴുതിത്തള്ളിയ ഉത്തരവുമായി ബന്ധപ്പെട്ട് ചില പത്രങ്ങളിലും സാമൂഹ്യമാധ്യമങ്ങളിലും വ്യാജവാര്‍ത്ത പ്രചരിച്ചിരുന്നു. ഞായറാഴ്ച പ്രമുഖ പത്രങ്ങളിലും അതിനെത്തുടര്‍ന്ന് സോഷ്യല്‍മീഡിയായിലും പ്രചരിപ്പിച്ച ചിത്രം എഴുതിത്തള്ളിയ സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്ന വെങ്കലപ്രതിമയുടേതല്ല.
2010ല്‍ ശില്പി രാജന്‍ നിര്‍മിച്ച നടന്‍ മുരളിയുടെ ശില്‍പ്പമാണത്. ലങ്കാലക്ഷ്മി എന്ന ഏകാംഗ നാടകത്തിലെ കഥാപാത്രമായ രാവണന്റെ ഒരു ഭാവരൂപമായിരുന്നു അത്. സി.എന്‍. ശ്രീകണ്ഠന്‍ നായരുടെ നാടകത്തെ അടിസ്ഥാനമാക്കി മുരളി അവതരിപ്പിച്ച ലങ്കാലക്ഷ്മിയിലെ രാവണന്റെ വേഷം സര്‍വത്ര അംഗീകരിക്കപ്പെട്ടിരുന്നു. ലങ്കാലക്ഷ്മി നാടകത്തിലെ ചിത്രം നോക്കിയാണ് രാജന്‍ ഈ ശില്പം രചിച്ചത്. ശില്പത്തിന്റെ ശിലാഫലകത്തില്‍ രാവണകഥാപാത്രത്തിന്റെ ഭാവരൂപം എന്ന് അന്നുതന്നെ രേഖപ്പെടുത്തിയിട്ടുമുണ്ട്. നടന്‍ മുരളിയുടെ ചിത്രം എന്നല്ല രാവണന്റെ ശില്പം എന്നാണ് എഴുതിയിരുന്നത്. കഴിഞ്ഞ 12 വര്‍ഷമായി ശില്പം അക്കാദമി തിയറ്ററിന്റെ മുന്നിലുണ്ട്.
വെങ്കല ശില്പം എന്നത് കെ.പി.എ.സി. ലളിത ചെയര്‍പേഴ്‌സണും എന്‍. രാധാകൃഷ്ണന്‍ നായര്‍ സെക്രട്ടറിയുമായ അക്കാദമി നിര്‍വാഹക സമിതിയുടെ തീരുമാനമായിരുന്നു. നിര്‍മാണച്ചെലവുകള്‍ക്ക് കരാര്‍തുകയില്‍ 5,70,000 രൂപ മുന്‍കൂറായി ശില്പി വില്‍സണ്‍ പൂക്കായിക്ക് നല്‍കിയിരുന്നെങ്കിലും ലളിതകലാ അക്കാദമി ചെയര്‍മാനായിരുന്ന നേമം പുഷ്പരാജ് അതിന്റെ മൗള്‍ഡ് കണ്ട് അംഗീകരിച്ചാല്‍ മാത്രമേ പണം നല്‍കു എന്നതായിരുന്നു തീരുമാനം.
അദ്ദേഹം നടത്തിയ പരിശോധനയില്‍ മുരളിയുമായി യാതൊരു രൂപസാദൃശ്യവുമില്ലെന്ന് റിപ്പോര്‍ട്ട് ചെയ്തതിനാല്‍ ആ കരാറില്‍നിന്ന് സംഗീത നാടക അക്കാദമി പിന്‍മാറി. മുന്‍കൂര്‍തുക ശില്പി തിരിച്ചടയ്ക്കണമെന്ന് അക്കാദമി ആവശ്യപ്പെടുകയുമാണ് ചെയ്തത്. ശില്പി വില്‍സണ്‍ പൂക്കായി സര്‍ക്കാരിനെ തന്റെ നിസഹായാവസ്ഥ അറിയിക്കുകയും അനുകൂല തീരുമാനം ഉണ്ടാകണമെന്ന് അപേക്ഷിക്കുകയും ചെയ്തപ്പോഴാണ് സര്‍ക്കാര്‍ എഴുതിത്തള്ളാനുള്ള തീരുമാനമെടുത്തത്
വെങ്കല പ്രതിമയുടെ ഒരു കരാറുണ്ടെന്നതല്ലാതെ വെങ്കലത്തില്‍ പ്രതിമ നിര്‍മിച്ചിട്ടില്ല. വാര്‍ത്തയോടൊപ്പം ഒരു കരിങ്കല്‍ പ്രതിമയുടെ കൂടി ചിത്രം കൊടുത്ത് അതുവഴി സാമൂഹ്യ മാധ്യമങ്ങളെയും ജനങ്ങളെയും തെറ്റിദ്ധരിപ്പിക്കുകയാണ് ചില മാധ്യമങ്ങള്‍ ചെയ്തത്. ഇല്ലാത്ത വെങ്കല പ്രതിമയ്ക്ക് പകരം കരിങ്കല്‍ പ്രതിമയുടെ ചിത്രം നല്‍കിയത് വ്യാജ വാര്‍ത്ത തന്നെയാണ്. സംഗീത നാടക അക്കാദമിയെ കരിവാരിത്തേക്കുന്നതിനുള്ള പരിശ്രമം കൂടി ഈ വ്യാജപ്രചാരണത്തിന് പിന്നിലുണ്ടെന്നും വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.