കേരളം
ബഫർസോൺ ഭൂപടത്തിൽ ക്വാറികളും ക്രഷറുകളും ഇല്ല; വേണ്ടപ്പെട്ട ചിലരെ സംരക്ഷിക്കാനെന്ന് ആക്ഷേപം
സംസ്ഥാന സർക്കാർ കേന്ദ്രത്തിന് സമർപ്പിച്ച ബഫർസോൺ ഭൂപടവും റിപ്പോർട്ടും കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. എന്നാൽ കാടിനോട് ചേർന്ന് കിടക്കുന്ന ക്വാറികളുൾപ്പടെയുള്ള പ്രദേശങ്ങളെ ഭൂപടത്തിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നാണ് ആരോപണം. വന്യമൃഗങ്ങളുടെ നിരന്തര സഞ്ചാര മേഖലയായ ഇത്തരം ഭൂപ്രദേശങ്ങൾ ബഫർസോണിൽ ഉൾപ്പെടുത്താത്തതിന്റെ കാരണം എന്താണെന്ന് ഇതുവരെ സർക്കാർ വ്യക്തമാക്കിയിട്ടില്ല.
സർക്കാർ വെബ്‌സൈറ്റിൽ പുറത്തുവിട്ട ഭൂപടത്തിൽ ജനവാസമേഖലകളും വിദ്യാലയങ്ങളും ആരാധനാലയങ്ങളും ബഫർസോണിന് അകത്തുവരുമ്പോഴാണ് ക്വാറികളും ക്രഷറുകളും ബഫർസോണിന് പുറത്തായതെന്ന ആക്ഷേപം ഉയരുന്നത്.
ആനക്കൂട്ടം എത്താറുള്ള മുതലമടയിലുള്ള ക്വാറികളും ക്രഷറുകളും ബഫർസോണിന് പുറത്താണ്.ഈ മേഖലയിൽ 32 ഓളം ക്വാറികളാണ് പ്രവർത്തിക്കുന്നത്. ഇത് ബഫർസോണിൽ ഉൾപ്പെടുത്താത്തത് ഇവരെ സംരക്ഷിക്കുകയാണ് എന്ന ആക്ഷേപവും ഉയരുന്നുണ്ട്. വേണ്ടപ്പെട്ട ചിലരെ സംരക്ഷിക്കാനാണ് ഇത്തരം പ്രദേശങ്ങളെ ബഫർസോണിൽ നിന്ന് ഒഴിവാക്കിയതെന്ന് പ്രദേശവാസികളടക്കമുള്ളവർ ആരോപിക്കുന്നു.