Uncategorized
ശബരിമലയിൽ ഇന്ന് ഭക്തജനത്തിരക്കേറും; ബുക്ക് ചെയ്തിരിക്കുന്നത് ഒരു ലക്ഷത്തിലേറെ പേർ
ശബരിമലയിൽ ഇന്ന് വൻ ഭക്തജനത്തിരക്ക്. ഒരു ലക്ഷത്തിനു മുകളിൽ ആളുകളാണ് ദർശനത്തിനായി ബുക്ക് ചെയ്തിരിക്കുന്നത്. 1,04,478 പേരാണ് ഇന്ന് ദർശനത്തിനായി സന്നിധാനത്ത് എത്തുക. നിയന്ത്രണങ്ങൾ പ്രഖ്യാപിക്കും മുമ്പേ വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്തവരാണ് ഇവരെല്ലാം. വെർച്വൽ ക്യൂ സംവിധാനത്തിൽ ഈ സീസണിലെ റെക്കോർഡ് രജിസ്ട്രേഷനാണിത്.
ഇന്നലെ മുതൽ കുട്ടികൾക്കും വയോധികർക്കും ഭിന്നശേഷിക്കാർക്കുമായി നടപ്പന്തലിൽ പ്രത്യേക ക്യൂ ഒരുക്കിയിട്ടുണ്ട്. നടപ്പന്തലിന്റെ തുടക്കം മുതൽ പതിനെട്ടാംപടി വരെയാണ് ഹൈക്കോടതി നിർദ്ദേശപ്രകാരമുള്ള പ്രത്യേക സംവിധാനം. തിരക്ക് വൻതോതിൽ കൂടിയാൽ പമ്പമുതൽ തീർഥാടകരെ ഘട്ടം ഘട്ടമായി കടത്തിവിടുന്നത് അടക്കമുള്ള നിയന്ത്രണങ്ങൾ ഉണ്ടാവും.
ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാനുള്ള പൊലീസിന്റെ കർമപദ്ധതി പ്രകാരമാണ് പ്രത്യേക ക്യൂ ഒരുക്കുന്നത്. വെർച്വൽ ക്യൂ വഴിയുള്ള ബുക്കിംഗ് 90,000തിൽ കൂടാൻ പാടില്ലെന്നും കർമപദ്ധതിയിൽ പറയുന്നുണ്ട്. കുട്ടികളായിട്ട് വരുന്നവർക്ക് ഉടൻ പോകാൻ സാധിക്കും. കുട്ടികളുമായി വരുന്നവർ പ്രത്യേക ക്യൂവിൽ വന്ന് ആ ക്യൂവിലെ നടപ്പന്തലിൽ നിന്ന് പതിനെട്ടാം പടി പോകാനുള്ള സൗകര്യം ഉണ്ടാകും. കുട്ടികൾ തളർന്നു പോയിട്ടുണ്ടെങ്കിൽ ഇരിപ്പിടങ്ങൾ ഒരുക്കിയതായും സ്പെഷല്‍ ഓഫിസര്‍ പറഞ്ഞു.