കേരളം
ശബരിമലയിൽ ദര്‍ശനത്തിനായി ബുക്ക് ചെയ്തത് 90,000ലധികം പേര്‍; ശബരിമലപാതയില്‍ ഇന്നും ഗതാഗത കുരുക്ക്
തിരക്ക് വര്‍ധിച്ചതോടെ, ശബരിമലപാതയില്‍ ഇന്നും ഗതാഗത നിയന്ത്രണം. ഇലവുംങ്കലില്‍ നിന്ന് വാഹനങ്ങള്‍ നിയന്ത്രിച്ചാണ് കടത്തിവിടുന്നത്. ശബരിമല ദര്‍ശനത്തിനായി ഇന്ന് ഓണ്‍ലൈന്‍ വഴി 90620 തീര്‍ഥാടകരാണ് ബുക്ക് ചെയ്തിട്ടുള്ളത്.
തീര്‍ഥാടകരുടെ വരവ് ഉയര്‍ന്നതോടെ, ഇലവുംങ്കല്‍- എരുമേലി പാതയില്‍ ഒന്നര കിലോമീറ്റര്‍ ഗതാഗത കുരുക്ക് ഉണ്ട്. ഇലവുംങ്കല്‍- പത്തനംതിട്ട റോഡില്‍ രണ്ട് കിലോമീറ്റര്‍ ദൂരത്തിലാണ് ഗതാഗത കുരുക്ക് അനുഭവപ്പെടുന്നത്.
തിരക്കൊഴിവാക്കാന്‍ ഘട്ടം ഘട്ടമായുള്ള നിയന്ത്രണങ്ങള്‍ പമ്പ മുതല്‍ പൊലീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിയന്ത്രണവിധേയമായി മാത്രമേ തീര്‍ഥാടകരെ സന്നിധാനത്തേക്ക് കടത്തിവിടൂ. നിലവിലെ നിയന്ത്രണങ്ങള്‍ ശബരിമല എഡിഎമ്മിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം വിലയിരുത്തി.
അതിനിടെ, ശബരിമലയില്‍ തിരക്ക് നിയന്ത്രിക്കുന്നതിന് ദര്‍ശന സമയം വര്‍ധിപ്പിച്ച 19 മണിക്കൂറിനുള്ളില്‍ കൂടുതല്‍ ഭക്തരെ സോപാനത്തിന് മുന്നില്‍ എത്തിക്കാനുള്ള സാധ്യത തേടുകയാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. നട തുറന്നിരിക്കുന്ന 19 മണിക്കൂറില്‍ പരമാവധി ദര്‍ശനത്തിനുള്ള സാധ്യതയാണ് പരിശോധിക്കുന്നത്.ഒരു ദിവസത്തെ നാല് പൂജാ സമയങ്ങളില്‍ നട അടച്ചിടുന്ന ദൈര്‍ഘ്യം കുറച്ച് പരമാവധി ദര്‍ശനം സാധ്യമാക്കാനാണ് ദേവസ്വം ബോര്‍ഡ് ആലോചിക്കുന്നത്.