കേരളം
‘ആവിക്കൽ തോട് മാലിന്യ സംസ്കരണ പ്ലാന്‍റ് നിർമാണം തല്‍ക്കാലത്തേക്ക് വേണ്ട’; ഉത്തരവിട്ട് കോടതി
കോഴിക്കോട്ടെ ആവിക്കൽ തോട് മാലിന്യ സംസ്കരണ പ്ലാന്‍റ് നിര്‍മാണം തല്‍ക്കാലത്തേക്ക് നിര്‍ത്തിവയ്ക്കാന്‍ കോടതി ഉത്തരവ്. പ്രദേശവാസിയായ സക്കീര്‍ ഹുസൈന്‍റെ ഹര്‍ജിയില്‍ കോഴിക്കോട് മുന്‍സിഫ് കോടതിയുടേതാണ് ഉത്തരവ്. പ്ലാന്‍റ് നിർമിക്കുന്നത് തോട് നികത്തിയെടുത്ത സ്ഥലത്താണെന്നായിരുന്നു ഹർജിക്കാരന്‍റെ വാദം.
കേന്ദ്ര സര്‍ക്കാരിന്‍റെ അമൃത് പദ്ധതിയുടെ ഭാഗമായി കോഴിക്കോട് കോര്‍പറേഷന്‍ ശുചിമുറി മാലിന്യ പ്ലാന്‍റ് നിര്‍മാണത്തിന് തുടക്കമിട്ട സ്ഥലമാണ് ആവിക്കല്‍ തോട്. എന്നാല്‍ റവന്യൂ രേഖകള്‍ പ്രകാരം തോടായിരുന്ന ഭാഗം നികത്തിയാണ് പ്ലാന്‍റ് നിര്‍മിക്കുന്നതെന്ന് കാട്ടി പ്രദേശവാസിയായ സക്കീര്‍ ഹുസൈന്‍ കോഴിക്കോട് മുന്‍സിഫ് കോടതി രണ്ടില്‍ ഹര്‍ജി നല്‍കുകയായിരുന്നു. കോര്‍പറേഷനെയും സംസ്ഥാന സര്‍ക്കാരിനെയും എതിര്‍കക്ഷികളാക്കിയായിരുന്നു ഹര്‍ജി.
റവന്യൂ രേഖകള്‍ വിശദമായി പരിശോധിച്ചത കോടതി കേസ് തീര്‍പ്പാക്കുന്നത് വരെ നിര്‍മാണം നിര്‍ത്തിവയ്ക്കാന്‍ ഉത്തരവിടുകയായിരുന്നു. ഹര്‍ജിക്കാരനായി അഭിഭാഷകരായ മുനീര്‍ അഹമ്മദും മുദസര്‍ അഹമ്മദും ഹാജരായി. ആവിക്കല്‍ തോടിലും കോതിയിലുമായി രണ്ടിടത്താണ് ശുചിമുറി മാലിന്യ പ്ലാന്‍റ് നിര്‍മിക്കാന്‍ കോര്‍പറേഷന്‍ ഉദ്ദേശിക്കുന്നത്. എന്നാല്‍ ജനവാസ മേഖലകളായ രണ്ടിടത്തും പ്ലാന്‍റ് നിര്‍മാണം അനുവദിക്കില്ലെന്ന നിലപാടുമായി നാട്ടുകാര്‍ നാളുകളായി സമരത്തിലാണ്.