കേരളം
വിഴിഞ്ഞം സംഘര്‍ഷം: ‘തീവ്രസംഘടനകള്‍ക്ക് പങ്കുണ്ടെന്ന് വിവരമില്ല’; ഹിന്ദു ഐക്യവേദി മാര്‍ച്ചിന് അനുമതിയില്ല
വിഴിഞ്ഞത്തെ ഹിന്ദു ഐക്യവേദി മാര്‍ച്ചിന് അനുമതിയില്ല. സംഘര്‍ഷ മേഖലയില്‍ മാര്‍ച്ച് എത്താന്‍ അനുവദിക്കില്ലെന്ന് ഡിഐജി ആര്‍ നിശാന്തിനി പറഞ്ഞു. മാര്‍ച്ച് തടയാനുള്ള പൊലീസ് ക്രമീകരണം ഏര്‍പ്പെടുത്തി. വിഴിഞ്ഞം സംഘര്‍ഷത്തില്‍ തീവ്രസംഘടനകള്‍ ഉള്ളതായി ഇപ്പോള്‍ വിവരമില്ലെന്നും ഡിഐജി പറഞ്ഞു.
പൊലീസ് സ്റ്റേഷന്‍ ആക്രമണത്തില്‍ നിയമനടപടിയുമായി മുന്നോട്ട് പോകും. പ്രതികളെ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട് പൊലീസ് സ്റ്റേഷന് നേരെയുണ്ടായ ആക്രമണത്തിൽ എൻഐഎ വിവരം തേടിയോ എന്ന് ഇപ്പോള്‍ പറയാനാവില്ല. താന്‍ പങ്കെടുത്ത യോഗത്തില്‍ എന്‍ഐഎ ഉണ്ടായിരുന്നില്ലെന്നും ഡിഐജി പറഞ്ഞു.
അതേസമയം വിഴിഞ്ഞം സമരസമിതി നേതാവ് ഫാദർ തിയോഡോഷ്യസ് നടത്തിയ പ്രസ്താവനക്ക് എതിരെ കേരള മുസ്‌ലിം ജമാഅത്ത് രംഗത്തെത്തി. ‘അബ്ദുറഹിമാന്‍ എന്ന പേരില്‍ത്തന്നെ തീവ്രവാദിയുണ്ട്’ എന്ന വിഴിഞ്ഞം തുറമുഖ നിര്‍മാണവിരുദ്ധ സമരസമിതി കണ്‍വീനര്‍ ഫാ. തിയോഡോഷ്യസ് ഡിക്രൂസിന്‍റെ പരാമര്‍ശത്തില്‍ അതിശക്തമായി പ്രതിഷേധിക്കുന്നുവെന്ന് കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന കമ്മിറ്റി വ്യക്തമാക്കി.
ആ പരാമര്‍ശം പിന്‍വലിച്ച് മാപ്പുപറയണം. കേരളത്തിന്‍റെ മതേതര മനസിനെ മുറിവേല്‍പ്പിച്ച അത്തരമൊരു പരാമര്‍ശത്തോടുള്ള നിലപാട് വ്യക്തമാക്കാന്‍ വിഴിഞ്ഞം സമരത്തിന് നേതൃത്വം നല്‍കുന്ന തിരുവനന്തപുരം ലത്തീന്‍ അതിരൂപതാ നേതൃത്വം തയാറാവുകയും വേണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് വ്യക്തമാക്കി.