കേരളം
ശബരിമലയിൽ താളം തെറ്റി ആരോഗ്യവകുപ്പ് ക്രമീകരണങ്ങൾ; ഒരാഴ്ചക്കിടെ ഹൃദയാഘാതംമൂലം മരിച്ചത് 6 പേർ
ശബരിമല തീർത്ഥാടനത്തിന് ആരോഗ്യ വകുപ്പ് ഒരുക്കിയ ക്രമീകരണങ്ങൾ താളം തെറ്റുന്നു. മണ്ഡലകാലം തുടങ്ങി ഒന്നരയാഴ്ച കഴിയുമ്പോൾ ആറ് പേരാണ് ഹൃദയാഘാതം മൂലം മരിച്ചത്. തീർത്ഥാടനത്തിന്റെ ബേസ് ആശുപത്രിയായ പത്തനംതിട്ട ജനറൽ ആശുപത്രിയിലും ആവശ്യത്തിന് സൗകര്യങ്ങൾ ഇല്ല. കൊവിഡാനന്തരമുള്ള തീർത്ഥാടനം ഏറ്റവും വെല്ലുവിളി നിറഞ്ഞതാവുമെന്നായിരുന്നു ആരോഗ്യ വിദഗ്ധരെല്ലാം നൽകിയ മുന്നറിയിപ്പ്.
ഒരു തവണയെങ്കിലും കൊവിഡ് ബാധിച്ചിട്ടുള്ളവരാണ് ശബരിമലയിലേക്ക് എത്തുന്നവരിൽ അൻപത് ശതമാനം പേരും. ഈ സാഹചര്യത്തിലാണ് നീലിമലയിലും സ്വാമി അയ്യപ്പൻ റോഡിൽ കൂടുതൽ എമർജൻസി മെഡിക്കൽ സെന്ററുകൾ തുടങ്ങിയത്. എന്നാൽ ഇതൊന്നും ഫലം കാണുന്നില്ലെന്നാണ് ഇക്കൊല്ലം ഇതുവരെയുള്ള മരണ നിരക്ക് സൂചിപ്പിക്കുന്നത്. മുൻ വർഷങ്ങളിൽ നാല് കാർഡിയാക്ക് സെന്ററുകളാണ് പ്രവർത്തിച്ചിരുന്നത്. ഇത്തവണയുള്ളത് രണ്ടെണ്ണം മാത്രമാണ്.
എല്ലാ വിധ സൗകര്യങ്ങളുമുണ്ടെന്ന പറഞ്ഞ പമ്പ, സന്നിധാനം ആശുപത്രികളിലും പരിമിതികളേറെയാണ്. വീണ് പരിക്കേൽക്കുന്നവരെയും മറ്റ് അസുഖങ്ങൾ ബാധിക്കുന്നവരെയും എത്തിക്കുന്ന പത്തനംതിട്ട ജനറൽ ആശുപത്രിയിൽ സിടി സ്കാൻ സൗകര്യമോ ഐസിയു ആംബുലൻസോ ഇല്ല. കഴിഞ്ഞ ദിവസം അപകടത്തിൽപ്പെട്ട കുട്ടിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത് സ്വകാര്യ ആശുപത്രിയിലെ ഐസിയു ആംബുലൻസിലാണ്.
തീർത്ഥാടനം തുടങ്ങുന്നതിന് മുമ്പ് ചേർന്ന സെക്രട്ടറി തല യോഗത്തിൽ രോഗികളാകുന്നവരെ എവിടേക്ക് മാറ്റണമെന്ന് പമ്പയിൽ വച്ച് തീരുമാനമെടുക്കണമെന്ന് നിർദേശം നൽകിയിരുന്നു. എന്നാൽ നിലവിൽ എല്ലാവരേയും പത്തനംതിട്ടയിൽ എത്തിച്ച ശേഷമാണ് മറ്റ് ആശുപത്രികളിലേക്ക് മാറ്റുന്നത്. പെരുനാട് ആശുപത്രിയിൽ അത്യാഹിത വാർഡ് തുറക്കണമെന്ന തീരുമാനം നടപ്പിലാക്കിയില്ല. അടൂർ ആശുപത്രിയിൽ ശബരിമല വാർഡ് തുറന്നെങ്കിലും അധിക ഡോക്ടർമാോരോ ജീവനക്കാരോ ഇല്ല.