കേരളം
തുറമുഖ നിർമാണം പുനരാരംഭിക്കാനുള്ള അദാനി ഗ്രൂപ്പ് ശ്രമം തടഞ്ഞ് സമരക്കാർ
തുറമുഖ നിർമാണം പുനരാരംഭിക്കാനുള്ള അദാനി ഗ്രൂപ്പിന്റെ ശ്രമത്തെ തീരവാസികൾ തടഞ്ഞതോടെ വിഴിഞ്ഞം യുദ്ധക്കളമായി. പദ്ധതിയെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. ശക്തമായ കല്ലേറും ഉണ്ടായി. നിർമ്മാണ സാമഗ്രികളുമായെത്തിയ ലോറി തടഞ്ഞ പ്രതിഷേധക്കാർ വാഹനത്തിന് മുന്നിൽ കിടന്നും പ്രതിഷേധിച്ചു.
എതിർപ്പ് ശക്തമായതോടെ നിർമാണ സാമഗ്രികളുമായി എത്തിയ ലോറികൾ പദ്ധതി പ്രദേശത്തേക്ക് കടക്കാൻ കഴിയാതെ മടങ്ങിപ്പോയി. ഒരു ലോറിയുടെ ചില്ല് സമരക്കാർ തകർത്തു. സമരപ്പന്തൽ മറികടന്ന് മുന്നോട്ട് പോകാൻ ലോറികൾക്ക് കഴിഞ്ഞില്ല. നിർമ്മാണം പുനരാരംഭിക്കാൻ അനുവദിക്കില്ലെന്ന് സമരസമിതി ആവർത്തിച്ചു.
ശക്തമായ പ്രതിഷേധത്തിനാണ് ഇന്ന് വിഴിഞ്ഞം സാക്ഷിയായത്. രണ്ട് ചേരിയായി തിരിഞ്ഞ് ഏറ്റ് മുട്ടിയ തീരവാസികളെ പൊലീസ് ശ്രമപ്പെട്ടാണ് അനുനയിപ്പിച്ചത്. നൂറ്റമ്പതോളം ദിവസമായി പ്രദേശത്തെ പദ്ധതി നിർമ്മാണം തടസപ്പെട്ടിരിക്കുകയാണ്. പൊലീസ് സംരക്ഷണത്തോടെ നിർമ്മാണ പ്രവർത്തികളുമായി മുന്നോട്ട് പോകാൻ കോടതി നിർദ്ദേശമുണ്ട്. സംരക്ഷണമൊരുക്കണമെന്ന് കോടതി സംസ്ഥാന സർക്കാരിനോടും നിർദ്ദേശിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് സംരക്ഷണത്തോടെ വിഴിഞ്ഞത്ത് ഇന്ന് നിർമ്മാണ പ്രവർത്തനങ്ങൾ വീണ്ടും തുടങ്ങുമെന്നായിരുന്നു അദാനി ഗ്രൂപ്പ് അറിയിച്ചിരുന്നത്. ഇക്കാര്യം വ്യക്തമാക്കി സംസ്ഥാന സർക്കാരിന് കത്തും നൽകിയിരുന്നു. നിർമ്മാണ സാമഗ്രികളുമായി വാഹനങ്ങൾ വിഴിഞ്ഞത്തേക്ക് എത്തുമെന്നായിരുന്നു സര്‍ക്കാരിനെ കമ്പനി അധികൃതർ അറിയിച്ചത്. ഇതനുസരിച്ച് വലിയ സുരക്ഷാ സന്നാഹവും പൊലീസ് ഒരുക്കിയിരുന്നു. എന്നാൽ തീരദേശവാസികൾ ഇതറിഞ്ഞതോടെ പ്രതിഷേധം വീണ്ടും ശക്തമാക്കിയതോടെ നീക്കം മുടങ്ങി.