കേരളം
സംസ്ഥാനങ്ങൾക്ക് 17,000 കോടി ജിഎസ്ടി നഷ്ടപരിഹാരമനുവദിച്ച് കേന്ദ്രം
സംസ്ഥാനങ്ങൾക്ക് 17,000 കോടി ജിഎസ്ടി നഷ്ട പരിഹാരം അനുവദിച്ച് കേന്ദ്രം. ചരക്ക് സേവന നികുതി നടപ്പാക്കിയത് മൂലമുള്ള വരുമാന നഷ്ടം പരിഹരിക്കുന്നതിനായാണ് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുമായി കേന്ദ്ര സർക്കാർ 17,000 കോടി രൂപ അനുവദിച്ചത്. 2022 ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കുടിശ്ശിക തുകയാണ് കേന്ദ്രം അനുവദിച്ചത്.
ജി എസ് ടി നഷ്ടപരിഹാര കുടിശ്ശിക അടക്കമുള്ളവ നൽകണമെന്ന് കേന്ദ്ര ധനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ നേരത്തെ കേരളം ആവശ്യപ്പെട്ടിരുന്നു.ഇപ്പോൾ അനുവദിച്ച തുക ഉൾപ്പെടെ നടപ്പ് സാമ്പത്തിക വർഷത്തിൽ ആകെ 1,15,662 കോടി രൂപയാണ് ജിഎസ്ടി നഷ്ട പരിഹാരമായി അനുവദിച്ചതെന്നും കേന്ദ്ര സർക്കാർ അറിയിച്ചു.
സംസ്ഥാനങ്ങൾക്ക് കൂടുതൽ സാമ്പത്തിക സ്വാതന്ത്ര്യം അനുവദിക്കണമെന്ന് കേന്ദ്ര ബജറ്റിന് മുന്നോടിയായി ധനമന്ത്രാലയം സംസ്ഥാനങ്ങളുമായി നടത്തുന്ന പ്രത്യേക ചർച്ചകളിൽ ആവശ്യപ്പെട്ടതായി ധനമന്ത്രി കെ എൻ ബാലഗോപാൽ ആവശ്യപ്പെട്ടു. കടമെടുപ്പ് പരിധി കുറച്ചതിലെ പുനരാലോചനയടക്കം ധനമന്ത്രി മുന്നോട്ട് വെച്ചു. സംസ്ഥാനത്തിന് കിട്ടാനുള്ള പണം വിട്ടു നൽകണമെന്നതായിരുന്നു യോഗത്തിൽ ഉയർത്തിയ പ്രധാന ആവശ്യം.
ജിഎസ്ടി കോംപൻസേഷൻ അഞ്ച് വർഷത്തേക്ക് കൂടി നീട്ടണം. ജിഎസ്ടിയിൽ നിന്നുള്ള വരുമാനം നിലവിൽ 50- 50 അനുപാതത്തിലാണ്. ഇത് 60 ശതമാനം സംസ്ഥാനങ്ങൾക്കും 40 കേന്ദ്രത്തിനുമെന്ന രീതിയിലേക്ക് മാറ്റണം. കെ- റെയിൽ നിർമ്മാണത്തിന് അനുമതി നൽകണമെന്നും യോഗത്തിൽ മന്ത്രി ആവശ്യപ്പെട്ടു. കേന്ദ്രത്തിൽ നിന്നുള്ള വരുമാനം 25,000 കോടി കുറഞ്ഞുവെന്നും അതിനാൽ സംസ്ഥാനങ്ങളുടെ കടമെടുപ്പ് പരിധിയിലടക്കം പുനരാലോചന വേണ്ടതാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.