കേരളം
ഗുരുവായൂർ ഏകാദശി ഡിസംബർ നാലിന്; ഗണിച്ചു നൽകിയ തിയതി തിരുത്തിയെന്ന് കാണിപ്പയ്യൂർ
ഗുരുവായൂർ ഏകാദശി ഡിസംബർ നാലിനാണെന്ന് ജോത്സ്യൻ കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാട്. ഗുരുവായൂർ ദേവസ്വം 2022-2023ലേക്ക് പ്രസിദ്ധീകരിച്ച പഞ്ചാംഗത്തിൽ പിഴവുണ്ടെന്നും അത് ഗുരുവായൂർ ക്ഷേത്രത്തിലെ പാരമ്പര്യനിയമപ്രകാരം തെറ്റാണെന്നും കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരി പറഞ്ഞു.
“പഞ്ചാംഗത്തിൽ ഉണ്ടായ തെറ്റ് മൂലം ഗുരുവായൂർ ഏകാദശി ഈ വർഷം വൃശ്ചികം 17ന് (ഡിസംബർ 3നു) തന്നെ ആചരിക്കാനാണ് ഗുരുവായൂർ പഞ്ചാംഗം ആഹ്വാനം ചെയ്യുന്നത്. അതായത് നിയമപ്രകാരമുളള തിയതിക്ക് ഒരു ദിവസം മുമ്പുതന്നെ ഏകാദശി ആചരിക്കാൻ ക്ഷേത്രം പുരോഹിതന്മാരോടും ഭക്തജനങ്ങളോടും ദേവസ്വം പഞ്ചാംഗം ആഹ്വാനം ചെയ്യുന്നു.
അത് ഗുരുവായൂർ ക്ഷേത്രത്തിലെ പാരമ്പര്യനിയമപ്രകാരം തെറ്റാണ്. ഗുരുവായൂർ ക്ഷേത്രത്തിലെ പാരമ്പര്യനിയമമനുസരിച്ച് ആനന്ദൻ എന്ന ഋഷിയുടെ ഗണിതപദ്ധതിയാണ് സ്വീകരിക്കേണ്ടത്. അതുപ്രകാരം വൃശ്ചികം 18ന്, ഡിസംബർ 04ന്, ആണ് ഗുരുവായൂർ ഏകാദശി ആചരിക്കേണ്ടത്”, കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരി വാർത്താക്കുറിപ്പിൽ പറഞ്ഞു.
ഈ പഞ്ചാംഗം ഗണിച്ച് തയ്യാറാക്കികൊടുത്തത് താനാണെന്നും പഞ്ചാംഗത്തിന്റെ സോഫ്റ്റ് കോപ്പിയിൽ ഈ പിഴവില്ലാത്തതിനാൽ തെറ്റ് സംഭവിച്ചത് തന്റെ ഭാഗത്തുനിന്നല്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം തെറ്റ് യാദൃശ്ചികമായി സംഭവിച്ചതല്ലെന്നും പ്രിന്റിങ്ങ് സമയത്ത് മനപൂർവ്വം വരുത്തിയതാണെന്ന സംശയും അദ്ദേഹം ഉന്നയിച്ചു.