കേരളം
പ്രിയ വര്‍ഗ്ഗീസിൻ്റെ എഫ്ബി പോസ്റ്റിനെതിരെ ഹൈക്കോടതി: എൻ.എസ്. എസിനോട് ബഹുമാനം മാത്രമെന്ന് ദേവൻ രാമചന്ദ്രൻ
ഇന്നലെ നടന്ന വാദത്തിനിടെ നടത്തിയ പരാമര്‍ശങ്ങളെ എതിര്‍ത്ത് ഫേസ്ബുക്ക് പോസ്റ്റിട്ട പ്രിയ വര്‍ഗ്ഗീസിനെതിരെ ഹൈക്കോടതി. കക്ഷികൾ കോടതിയെ ശത്രുവായി കാണേണ്ട സാഹചര്യമില്ലെന്നും എൻഎസ്എസിനോട് കോടതിക്ക് യാതൊരു ബഹുമാനക്കുറവും ഇല്ലെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.
അസുഖകരമായ കാര്യങ്ങളാണ് സംഭവിക്കുന്നത്. കോടതിയിൽ കേസിൻ്റെ ഭാഗമായി നിരവധി കാര്യങ്ങൾ പറയും. കോടതിയിൽ സംഭവിച്ചത് അവിടെ അവസാനിക്കണം. കുഴിവെട്ട് എന്നൊരു കാര്യം പറഞ്ഞതായി പോലും ഓര്‍ക്കുന്നില്ല. നാഷണൽ സര്‍വ്വീസ് സ്കീമിൻ്റെ ഭാഗമായി പല കാര്യങ്ങളും അധ്യാപകര്‍ ചെയ്തിട്ടുണ്ടാവാം. അതിൻ്റെ അധ്യാപന പരിചയമായി കണക്കാക്കാൻ പറ്റുമോ എന്നാണ് ഹൈക്കോടതി പരിശോധിച്ചത്. കോടതിയിൽ പല കാര്യങ്ങളും വാദത്തിനിടയിൽ പറയും. പക്ഷേ പൊതുജനത്തിന് അത് ആ നിലയിൽ മനസ്സിലാവണം എന്നില്ല. കക്ഷികൾ കോടതിയെ ശത്രുവായി കാണേണ്ട ആവശ്യമില്ല. കോടതിയിൽ പറയുന്ന കാര്യങ്ങളിൽ നിന്നും പലതും അടര്‍ത്തിയെടുത്ത് വാര്‍ത്ത നൽകുന്ന നിലയാണ് ഇപ്പോൾ ഉള്ളത്. കക്ഷികൾ അങ്ങനെ ചെയ്യാൻ പാടില്ല. – പ്രിയ വര്‍ഗ്ഗീസിൻ്റെ കേസിൽവിധി പറയും മുൻപ് ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.
യുജിസി ചട്ടം ലംഘിച്ചാണ് പ്രിയ വർഗീസിനെ റാങ്ക് പട്ടികയിൽ ഒന്നാമതാക്കിയതെന്നും പട്ടികകയിൽ നിന്ന് പ്രിയ വർഗീസിനെ നീക്കണമെന്നും ആവശ്യപ്പെട്ട് രണ്ടാം റാങ്കുകാരനായ പ്രോഫ. ജോസഫ് സ്കറിയ ആണ് ഹൈക്കോടതിയെ സമീപിച്ചത്. യുജിസി ചട്ടപ്രകാരം മാത്രമേ പ്രിയ വർഗീസിന്‍റെ നിയമനവുമായി മുന്നോട്ട് പോകാൻ ആവുകളുള്ളൂവെന്ന് ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.