കേരളം
ഗിനിയില്‍ തടവിലായ കപ്പല്‍ ജീവനക്കാരെ മോചിപ്പിക്കാന്‍ ഇടപെടണം; പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്
പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ഗിനിയില്‍ കുടുങ്ങിയ മലയാളികള്‍ അടക്കമുള്ളവരുടെ മോചനത്തിനായി മുഖ്യമന്ത്രിയുടെ ഇടപെടല്‍. തടവിലായവരെ മോചിപ്പിക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു. തടവിലായവരുടെ മോചനത്തിനായി ഇടപെടാന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കാനും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.
അതേസമയം, ഗിനി നാവികസേന കസ്റ്റഡിയിലെടുത്ത കപ്പലില്‍ നിന്ന് പുറത്തെത്തിച്ച 15 കപ്പല്‍ ജീവനക്കാരെയും തടവുകേന്ദ്രത്തിലേക്ക് മാറ്റിയതായിട്ടാണ് വിവരം. ഇവരെ മുന്‍പ് താമസിപ്പിച്ച ഹോട്ടലിലേക്കു തിരികെയെത്തിച്ചെന്നായിരുന്നു ആദ്യ വിവരം. എന്നാല്‍, കപ്പലില്‍നിന്ന് പുറത്തെത്തിച്ച സംഘത്തെ ഒരു മുറിയില്‍ പൂട്ടിയിട്ടിരിക്കുകയാണെന്ന് മലയാളിയായ കൊല്ലം സ്വദേശി വിജിത് വി നായര്‍ പറഞ്ഞു. മുറിക്കു പുറത്ത് സൈനികര്‍ കാവല്‍ നില്‍ക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കപ്പലിലെ ജീവനക്കാരെ നൈജീരിയയ്ക്ക് കൈമാറാനുള്ള നീക്കം ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം ഇടപെട്ട് തടഞ്ഞിരുന്നു. ഗിനിയിലെ നാവികസേന അറസ്റ്റ് ചെയ്ത കപ്പലിന്റെ ചീഫ് ഓഫിസറും മലയാളിയുമായ കൊച്ചി സ്വദേശി സനു ജോസിനെ തിരികെ കപ്പലിലെത്തിച്ചു. ഇതിനു പിന്നാലെയാണ് കപ്പലിലെ ജീവനക്കാരായ മലയാളികള്‍ ഉള്‍പ്പെടെയുള്ള 15 പേരെ തടവിലേക്കു മാറ്റിയത്.
സനു ജോസിനെ ഗിനിയിലെ നാവികസേന അറസ്റ്റ് ചെയ്ത് നൈജീരിയയുടെ യുദ്ധക്കപ്പലിലേക്കു കൊണ്ടുപോകാനായിരുന്നു നീക്കം. ഓഗസ്റ്റ് എട്ടിനാണ് നോര്‍വേ ആസ്ഥാനമായ ഹീറോയിക് ഐഡം എന്ന കപ്പല്‍ ഗിനി നാവികസേന കസ്റ്റഡിയിലെടുത്തത്. മൂന്ന് മലയാളികള്‍ ഉള്‍പ്പെടെ 16 ഇന്ത്യക്കാരും 10 വിദേശികളുമാണ് കപ്പലിലുള്ളത്. ക്രൂഡ് ഓയില്‍ മോഷണത്തിനു വന്ന കപ്പല്‍ എന്നു സംശയിച്ചാണ് കപ്പല്‍ കസ്റ്റഡിയിലെടുത്തതെന്നാണ് സൂചന.