കേരളം
കോഴിക്കോട് രോഗി മരിച്ച സംഭവം: മരുന്ന് മാറിയിട്ടില്ലെന്ന് ആരോഗ്യമന്ത്രി
കോഴിക്കോട് ഗവ. മെഡിക്കൽ കോളജിൽ രോഗി മരിച്ചത് മരുന്നുമാറി കുത്തിവച്ചിട്ടല്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. മരുന്നുമാറിയില്ലെന്നാണ് പ്രാഥമിക റിപ്പോർട്ടെന്നും വിശദമായ റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
പനിയെത്തുടർന്നു മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച കൂടരഞ്ഞി ചളറപ്പാറ കൂളിപ്പാറ കെ.ടി.സിന്ധു (45) ആണ് കുത്തിവയ്പെടുത്തു നിമിഷങ്ങൾക്കകം ഭർത്താവിന്റെ മുൻപിൽ കുഴഞ്ഞുവീണു മരിച്ചത്. മരുന്നുമാറി കുത്തിവച്ചതിനെ തുടർന്നാണു മരണമെന്നു ഭർത്താവ് രഘു പരാതിപ്പെട്ടതിനെ തുടർന്നു മെഡിക്കൽ കോളജ് പൊലീസ് നഴ്സിനെതിരെ കേസെടുത്തിരുന്നു.
പനി ബാധിച്ച് 26നു രാവിലെ കൂടരഞ്ഞി കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടിയ സിന്ധുവിനെ അവിടെ നിന്നു റഫർ ചെയ്തതിനെ തുടർന്നാണ് അന്നു വൈകിട്ട് മെഡിക്കൽ കോളജിൽ എത്തിച്ചത്. സിന്ധുവിനു മരുന്നു മാറി നൽകിയെന്നത് കുപ്രചാരണമാണെന്നു മെഡിക്കൽ കോളജ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിരുന്നു.