കേരളം
ഗവർണറുടേത് അസ്വഭാവിക നടപടി; ഇല്ലാത്ത അധികാരം ഉപയോഗിക്കുന്നു: മുഖ്യമന്ത്രി
രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തെ 9 സർവകലാശാലാ വൈസ് ചൻസർമാർക്ക് (വിസി) ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിർദേശം നൽകിയ നടപടി അസ്വഭാവികമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
ഗവർണർ ചാൻസലർ പദവി ദുരുപയോഗം ചെയ്യുന്നുവെന്നും ഇല്ലാത്ത അധികാരം ഉപയോഗിക്കുന്നുവെന്നും മുഖ്യമന്ത്രി ആരോപിച്ചു. പാലക്കാട്ടെ കെഎസ്ഇബി ഗസ്റ്റ് ഹൗസിൽ വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
കേരള, എംജി, കാലിക്കറ്റ്, കണ്ണൂർ, മലയാളം സർവകലാശാലകൾ, കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്), ഫിഷറീസ് സമുദ്ര പഠന സർവകലാശാല (കുഫോസ്), എപിജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാല (കെടിയു), ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല എന്നിവയിലെ വിസിമാർക്കാണ് ഇന്നു രാവിലെ 1.30നകം രാജിവയ്ക്കണമെന്ന അടിയന്തര നിർദേശം രാജ്ഭവൻ നൽകിയത്. സാങ്കേതിക സർവകലാശാല വിസി ഡോ. എം.എസ്.രാജശ്രീയെ പുറത്താക്കിയ സുപ്രീം കോടതി വിധിയുടെ ചുവടു പിടിച്ചായിരുന്നു ഗവർണറുടെ ഉത്തരവ്.