കേരളം
ബംഗാള്‍ ഉള്‍കടലില്‍ തീവ്ര ന്യൂനമര്‍ദം; സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വടക്കന്‍ ആന്‍ഡമാന്‍ കടലിനു മുകളില്‍ രൂപപ്പെട്ട ന്യൂനമര്‍ദം വടക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളില്‍ തീവ്ര ന്യൂനമര്‍ദമായി ശക്തി പ്രാപിച്ചതാണ് മഴ സാധ്യതയ്ക്കു കാരണം.
ഞായറാഴ്ച രാവിലെയോടെ അതിതീവ്ര ന്യൂനമര്‍ദമായി ഇത് ശക്തി പ്രാപിക്കാനാണ് സാധ്യത. തുടര്‍ന്ന് വടക്ക്-വടക്കുകിഴക്ക് ഭാഗത്തേക്ക് തിരിഞ്ഞ് തിങ്കളാഴ്ച രാവിലെയോടെ മധ്യ ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റായി മാറുമെന്നാണ് കാലാവസ്ഥാ പ്രവചനം.
വടക്ക് -വടക്ക് കിഴക്ക് ദിശയില്‍നിന്ന് നീങ്ങി ഒക്ടോബര്‍ 25-ന് രാവിലെയോടെ ബംഗ്ലാദേശ് തീരത്ത് ടിങ്കൊണ ദ്വീപിനും സാന്‍ഡ് വൈപിനുമിടയില്‍ കരയില്‍ പ്രവേശിക്കാന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.