കേരളം
ദീപാവലി ബോണൻസ: എഫ്ഡി നിരക്കുകൾ കുത്തനെ ഉയർത്തി എസ്ബിഐ
ഉത്സവ ആഘോഷങ്ങൾക്ക് മറ്റേകാൻ ദീപാവലി ബോണൻസയുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. നിക്ഷേപകർക്കായി ഫിക്സഡ് ഡിപ്പോസിറ്റുകളുടെ പലിശ നിരക്കുകൾ 80 പോയിന്റ് വരെ ഉയർത്തി. രണ്ട് കോടിയിൽ താഴെയുള്ള സ്ഥിര നിക്ഷേപങ്ങൾക്കാണ് ഇത് ബാധകമാകുക. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു. ഇതിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കൾ മുതിർന്ന പൗരന്മാരാണ് കാരണം അവർക്ക് സാധരണ ലഭിക്കുന്ന പലിശ നിരക്കിനേക്കാൾ അധിക പലിശ ലഭിക്കും.
പുതുക്കിയ നിരക്കുകൾ അറിയാം
ഒരു വർഷത്തിൽ താഴെ കാലാവധിയുള്ളതും 211 ദിവസങ്ങൾക്ക് മുകളിലുള്ളതുമായ നിക്ഷേപങ്ങൾക്ക് എസ്‌ബിഐ 80 ബേസിസ് പോയിന്റ് നിരക്ക് വർധനയാണ് വരുത്തിയിരിക്കുന്നത്. നിലവിൽ ഈ കാലയളവിൽ 4.70 ശതമാനമാണ് പലിശ നിരക്ക്. പുതുക്കിയ നിരക്ക് 5.50 ശതമാനമാണ്. 180 ദിവസം മുതൽ 210 ദിവസം വരെ കാലാവധിയുള്ള എഫ്ഡികളുടെ പലിശ നിരക്ക് 60 ബേസിസ് പോയിൻറ് വർധിപ്പിച്ച് 5.25 ശതമാനമാക്കി.
രണ്ട് വർഷം മുതൽ മൂന്ന് വർഷത്തിൽ താഴെയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്ക് 5.65 ശതമാനത്തിൽ ൽ നിന്ന് 6.25 ശതമാനമാക്കി. 46 ദിവസം മുതൽ 179 ദിവസം വരെ കാലാവധിയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്ക് നാല് ശതമാനത്തിൽ നിന്നും 50 ബേസിസ് പോയിൻറ് ഉയർത്തി 4.50 ശതമാനമാക്കി. ഒരു വർഷം മുതൽ രണ്ട് വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്ക് 5.60 ശതമാനത്തിൽ നിന്നും 6.10 ശതമാനമാക്കി.
നീണ്ട കാലയളവിലേക്കുള്ള നിക്ഷേപങ്ങളുടെ നിരക്കുകളും ഉയർത്തിയിട്ടുണ്ട്. 3 വർഷത്തേക്കുള്ള നിക്ഷേപത്തിന് 6.10 ശതമാനം പലിശ ലഭിക്കും. 5 വർഷത്തിൽ താഴെയുള്ള നിക്ഷേപങ്ങൾക്ക് 6.10 ശതമാനം പലിശ ലഭിക്കും. അതേസമയം 7 ദിവസം മുതൽ 45 ദിവസം വരെയുള്ള കാലയളവിൽ മൂന്ന് ശതമാനം പലിശ എന്നതിൽ മാറ്റമില്ല.