കേരളം
നരബലി മൃതദേഹഭാഗങ്ങൾ കണ്ടെത്തി; മരങ്ങൾക്കിടയില്‍ കുഴിച്ചിട്ട നിലയിൽ
ഇലന്തൂരിൽ ധനസമ്പാദത്തിനായി കൊന്നു കുഴിച്ചിട്ട സ്ത്രീകളുടെ മൃതദേഹത്തിന്റെ ഭാഗങ്ങൾ കണ്ടെത്തി. പ്രതി വൈദ്യന്‍ ഭഗവൽ സിങ്ങിന്റെ വീടിനോട് ചേർന്ന് മരങ്ങൾക്കിടയിലാണ് മൃതദേഹം കുഴിച്ചിട്ടിരുന്നത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെയും റവന്യൂ ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിലാണ് പരിശോധന നടത്തുന്നത്.
ഫൊറൻസിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്. ഇരകളെ കഴുത്തറുത്ത് ശരീരം കഷണങ്ങളാക്കി കുഴിച്ചിടുകയായിരുന്നുവെന്ന് കമ്മിഷണർ പറഞ്ഞു. കൂടുതൽ പേർ ഇരകളായിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്ന് ഐജി അറിയിച്ചു. നരബലി നടത്തിയതിൽ മുഖ്യപങ്കുവഹിച്ച ഏജന്റ് മുഹമ്മദ് ഷാഫി എന്ന ഷിഹാബിനെയും സ്ഥലത്തെത്തിച്ചിട്ടുണ്ട്.
‘ശ്രീദേവി’ എന്ന ഫെയ്സ്ബുക് ഐഡി വഴി ഭഗവൽ സിങ്ങിനെ പരിചയപ്പെട്ട ഷാഫിയാണ് സ്ത്രീകളെ തട്ടിക്കൊണ്ടുപോയത്. ഐശ്വര്യത്തിനും സമ്പൽസമൃദ്ധിക്കും നരബലിയാണ് പരിഹാരമെന്നും പറഞ്ഞ് ഭഗവൽ സിങ്ങിന്റെ കയ്യിൽനിന്നു ഷാഫി പണം കൈക്കലാക്കിയിരുന്നു.
കാലടി സ്വദേശിനി റോസ്‌ലി (50), കടവന്ത്ര പൊന്നുരുന്നി സ്വദേശിനി പത്മം (57) എന്നിവരെയാണ് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. പത്മത്തിന്റെ മകൻ സെൽവന്റെ പരാതിയിലുള്ള അന്വേഷണത്തിലാണ് നരബലി കണ്ടെത്തിയത്. സെപ്റ്റംബർ 26നാണ് പത്മത്തെ കാണാതായത്. ജൂൺ 8നാണ് റോസ്‌ലിയെ കാണാതായത്.