കേരളം
നിയമ ലംഘനങ്ങള്‍ കണ്ടെത്തി; കൊടൈക്കനാൽ യാത്രക്കൊരുങ്ങിയ ബസ് പിടികൂടി എംവിഡി
വിനോദ യാത്രയ്ക്കു പുറപ്പെട്ട ടൂറിസ്റ്റ് ബസ് മോട്ടർ വാഹന വകുപ്പ് പിടികൂടി. എറണാകുളം എടത്തല എംഇഎസ് കോളജില്‍ നിന്നു യാത്ര പുറപ്പെട്ട ‘എക്‌സ്‌പോഡ്’ എന്ന ബസാണ് ആലുവ ജോയിന്റ് ആര്‍ടിഒ പിടികൂടിയത്. ബസില്‍ ഒട്ടേറെ നിയമ ലംഘനങ്ങള്‍ കണ്ടെത്തിയതോടെയാണ് എംവിഡി യാത്ര തടഞ്ഞത്.
ബോഡിയുടെ നിറം മാറ്റിയ നിലയിലായിരുന്നു. അനധികൃത കൂട്ടിച്ചേര്‍ക്കലുകളും നിയമവിധേയമല്ലാത്ത ലൈറ്റുകളും ഉയര്‍ന്ന ശബ്ദ സംവിധാനം എന്നിവയും കണ്ടെത്തിയതായി അധികൃതര്‍ വ്യക്തമാക്കി. ആർടി ഓഫീസിൽ കോളജ് അധികൃതർ മുൻകൂട്ടി രേഖാ മൂലം വിവരം നൽകി വാഹനം പരിശോധനയ്ക്ക് എത്തിക്കണമെന്ന വ്യവസ്ഥയും പാലിച്ചിരുന്നില്ല.
ബിഎഡ് സെന്ററിലെ 45 വിദ്യാർത്ഥികൾ രണ്ട് ദിവസത്തെ കൊടൈക്കനാൽ യാത്രയാണ് നടത്താനിരുന്നത്. ബസ് കസ്റ്റഡിയിലെടുത്തതോടെ വിദ്യാര്‍ത്ഥികളുടെ യാത്ര മുടങ്ങി.