കേരളം
യുവതിയുടെ വയറ്റില്‍ നിന്ന് അഞ്ചുവര്‍ഷത്തിന് ശേഷം കത്രിക പുറത്തെടുത്ത സംഭവം; ഡോക്ടര്‍മാര്‍ നഷ്ടപരിഹാരം നല്‍കണം: വനിതാ കമ്മീഷന്‍
മെഡിക്കല്‍ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ പ്രസവ ശസ്ത്രക്രിയ കഴിഞ്ഞ യുവതിയുടെ വയറ്റില്‍നിന്ന് അഞ്ചുവര്‍ഷത്തിന് ശേഷം കത്രിക പുറത്തെടുത്ത സംഭവത്തില്‍ ഡോക്ടര്‍മാരില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കി വീട്ടമ്മയ്ക്ക് നല്‍കാന്‍ വനിതാ കമ്മീഷന്‍ നിര്‍ദേശിച്ചു.
വിഷയം ആരോഗ്യവകുപ്പ് ഗൗരവമായി ഏറ്റെടുത്തിട്ടുണ്ടെന്നാണ് മനസ്സിലാക്കുന്നതെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി പറഞ്ഞു.
സംഭവത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അന്വേഷണം പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞമാസം സ്വകാര്യ ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് കത്രിക വയറിനുള്ളില്‍ ഉണ്ടെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെച്ചുതന്നെ വീണ്ടും ശസ്ത്രക്രിയ നടത്തി കത്രിക പുറത്തെടുക്കുകയായിരുന്നു. സംഭവത്തില്‍ ആരോഗ്യമന്ത്രിക്ക് കുടുംബം പരാതി നല്‍കിയിരുന്നു.