Uncategorized
അമ്മയേയും കുഞ്ഞിനേയും വീടിനു പുറത്താക്കിയ സംഭവം; ഭർത്താവിനേയും ഭർതൃമാതാവിനേയും ഇന്ന് അറസ്റ്റ് ചെയ്തേക്കും
അമ്മയേയും കുഞ്ഞിനെയും ഭർതൃവീട്ടുകാർ വീട്ടിൽ നിന്നും പുറത്താക്കിയ സംഭവത്തിൽ ഇന്ന് അറസ്റ്റുണ്ടായേക്കും. കൊല്ലം തഴുത്തലയിൽ കഴിഞ്ഞ ദിവസമുണ്ടായ സംഭവത്തിൽ ഭർത്താവ് പ്രതീഷ് ലാൽ, അമ്മായി അമ്മ അജിതകുമാരി, ഭർതൃ സഹോദരി പ്രസീത എന്നിവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കൊട്ടിയം പൊലീസ് കേസെടുത്തിരുന്നു.
വീട്ടുകാർ ഗേറ്റ് പൂട്ടിയതിനെ തുടർന്ന് യുവതിക്കും കുഞ്ഞിനും രാത്രി വീടിന് പുറത്ത് കിടക്കേണ്ടി വന്നു. സ്‌കൂളിൽ പോയ യുണിഫോം പോലും മാറാതെ വീട്ടുപടിക്കൽ നിൽക്കേണ്ട ഗതികേടിലായിരുന്നു അഞ്ച് വയസുകാരനും അമ്മയും. തഴുത്തല പികെ ജങ്ഷൻ ശ്രീനിലയത്തിൽ ഡിവി അതുല്യക്കും മകനുമാണ് ദുരനുഭവമുണ്ടായത്. സ്ത്രീധന പീഡനം, ബാലനീതി വകുപ്പുകൾ ചുമത്തിയാണ് മൂവർക്കുമെതിരെ കൊട്ടിയം പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
കഴിഞ്ഞ ദിവസം സംഭവം നടന്നിട്ടും പൊലീസ് ഒരു നടപടിയും സ്വീകരിക്കാതിരുന്നത് നാട്ടുകാരുടെ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. പിന്നാലെയാണ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്. ഇന്നലെ ഉച്ചയോടെയാണ് പൊലീസ് യുവതിയുടെ മൊഴിയെടുത്തത്. വിഷയത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് പൊലീസ് വ്യക്തമാക്കി. നേരത്തെ വിഷയത്തിൽ ദേശീയ, സംസ്ഥാന വനിതാ കമ്മീഷനും ബാലാവകാശ കമ്മീഷനും ഇടപ്പെട്ടിരുന്നു. 100 പവൻ സ്വര്‍ണവും പണവും സ്ത്രീധനായി നൽകിയിട്ടും ഭര്‍ത്താവും അമ്മായി അമ്മയും ഭര്‍തൃ സഹോദരിയും ചേര്‍ന്ന് കൂടുതൽ പണം കൊണ്ടുവരാൻ ആവശ്യപ്പെട്ട് നിരന്തരം പീഡിപ്പിക്കാറുണ്ടായിരുന്നുവെന്നാണ് അതുല്യയുടെ പരാതിയിൽ പറയുന്നത്.