കേരളം
കോടിയേരിക്ക് വിട നൽകി ജന്മനാട്; അന്തിമോപചാരം അര്‍പ്പിക്കാൻ എത്തിയത് ആയിരങ്ങൾ
പ്രിയ സഖാവിന് വിട നൽകാനൊരുങ്ങി കണ്ണൂർ. തലശ്ശേരി ടൗൺഹാളിൽ പൊതുദർശനം തുടങ്ങി മണിക്കൂറുകൾ പിന്നിടുമ്പോഴും കോടിയേരിക്ക് അന്ത്യാഭിവാദ്യങ്ങൾ അർപ്പിക്കാൻ കാത്തു നിൽക്കുന്നത് ആയിരങ്ങളാണ്. തലശ്ശേരി ടൗണ്‍ ഹാളിൽ ഉച്ചയോടെ ആരംഭിച്ച പൊതുദര്‍ശനം രാത്രിയോടെ അവസാനിപ്പിക്കും. തുടര്‍ന്ന് തലശ്ശേരി മാടായിപീടികയിലുള്ള കോടിയേരിയുടെ വീട്ടിലേക്ക് മൃതദേഹം മാറ്റും. അദ്ദേഹത്തിൻ്റെ കുടുംബാംഗങ്ങളെല്ലാം വീട്ടിലാണുള്ളത്. ഇന്ന് രാത്രി വീട്ടിൽ സൂക്ഷിക്കുന്ന മൃതദേഹം നാളെ രാവിലെ അഴീക്കോടൻ സ്മാരകമന്ദിരത്തിലേക്ക് കൊണ്ടു പോകും. വൈകിട്ട് മൂന്ന് മണിക്ക് പയ്യാമ്പലം കടപ്പുറത്താണ് സംസ്കാരം.
ഉച്ചയ്ക്ക് ഒരു മണിയോടെ കോടിയേരിയുടെ മൃതദേഹം കണ്ണൂർ വിമാനത്താവളത്തിൽ എത്തിച്ചപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കം മന്ത്രിമാരും പാർട്ടി നേതാക്കളുമായി നിരവധി പേർ മൃതദേഹം ഏറ്റുവാങ്ങാൻ ആയി എത്തിയിരുന്നു കേരളത്തിലെ കരുത്തുറ്റ പ്രസ്ഥാനത്തിന്റെ കരുത്തുറ്റ നേതാവിനെ ഓർത്ത് കണ്ണീർ വാർക്കുകയായിരുന്നു നാട്ടുകാരും പാർട്ടി പ്രവർത്തകരും.
കഴിഞ്ഞ അഞ്ചു പതിറ്റാണ്ട് കാലത്തെ രാഷ്ട്രീയ പ്രവർത്തനത്തിലൂടെ കോടിയേരി എന്ന നേതാവ് ജനഹൃദയങ്ങളിൽ നേടിയെടുത്ത സ്ഥാനമെന്തെന്ന് തെളിയിക്കുന്നതായി വിലാപയാത്രയിൽ കണ്ടത് വൈകാരിക രംഗങ്ങളാണ്. വിമാനത്താവളം മുതൽ തലശ്ശേരി ടൗൺ ഹാൾ വരെയുള്ള പാതയുടെ ഇരുഭാഗത്തുമായി പ്രിയ നേതാവിൻ്റെ ഭൗതികശരീരം ഒരു നോക്ക് കാണാൻ നേരത്തെ തന്നെ ജനം ഇടം പിടച്ചിരുന്നു. ടൗൺഹാളിൽ എത്തുന്നതിനു മുൻപുള്ള 14 കേന്ദ്രങ്ങളിൽ പൊതുദർശനം ഉണ്ടായിരിക്കുമെന്നായിരുന്നു ആദ്യ
അറിയിപ്പ്.
എന്നാൽ പ്രവർത്തകരുടെ എണ്ണം കണക്കുകൂട്ടലുകൾ തെറ്റിച്ചതോടെ തീരുമാനം മാറ്റി. പ്രധാന കേന്ദ്രങ്ങളിൽ വിലാപയാത്രയുടെ വേഗം കുറച്ചതല്ലാതെ എവിടെയും നിർത്തിയില്ല. ഇതോടെ ഇരു ഭാഗത്തുമായി കാത്തുനിന്ന ജനം തലശ്ശേരി ടൗൺഹാളിലേക്ക് ഒഴുകി. മൂന്നുമണിയോടെ മൃതദേഹം ടൗൺഹാളിൽ എത്തുമ്പോഴേക്കും പരിസരമാകെ ജനജനനിബിഡമായിരുന്നു.പ്രിയ നേതാവിൻറെ ചേതനയറ്റ ശരീരം കണ്ടതോടെ പലരുടെയും നിയന്ത്രണം വിട്ടു. മുഷ്ടിചുരുട്ടി മുദ്രാവാക്യം വിളിച്ചവർ പോലും കോടിയേരിയുടെ ചേതശരീരം കണ്ടതോടെ വിങ്ങിപ്പൊട്ടി. ജന്മനാട്ടിലെ പുരുഷാരത്തിന് നടുവിൽ വിട ചൊല്ലാനെത്തിയ കോടിയേരിയെ കണ്ടപ്പോൾ ഭാര്യ വിനോദിനി തളർന്നുവീണു.
ടൗൺ ഹാളിലെ പൊതുദർശനത്തിനുശേഷം ഭൗതികശരീരം വീട്ടിലേക്ക് മാറ്റും രാവിലെ 10 മണിയോടെ വിലാപയാത്രയായി കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസിൽ എത്തിക്കും. അവിടെ ഉച്ചവരെ പൊതുദർശനം തുടർന്ന് മൂന്നുമണിയോടെ പയ്യാമ്പലത്താണ് സംസ്കാര ചടങ്ങുകൾ . വിപ്ലവ സ്മരണകൾ ഇരമ്പുന്ന പയ്യാമ്പലം ബീച്ചിലെ മണൽപരപ്പിനോട് ചേർന്നുള്ള സ്മൃതി കുടീരങ്ങളിൽ AKG, അഴീക്കോടൻ രാഘവൻ, മുതലിങ്ങോട്ടുള്ള ഇടതു നേതാക്കൾ അന്ത്യവിശ്രമം കൊള്ളുന്നുണ്ട്.
ഇവിടെയാണ് കോടിയേരി ബാലകൃഷ്ണൻ്റെ സംസ്കാര ചടങ്ങുകൾ നടക്കുക. സി പി എം സംസ്ഥാന സെക്രട്ടറിമാരായിരുന്ന ചടയൻ ഗോവിന്ദനും ഇ. കെ നായനാർക്കുമിടയിലാണ് കോടിയേരി ബാലകൃഷ്ണന് അന്ത്യവിശ്രമമൊരുക്കുന്നത്. ഇന്ന് രാവിലെ എം.വി ജയരാജൻ്റെ നേതൃത്വത്തിൽ സി പി എം പ്രവർത്തകർ സംസ്കാര ചടങ്ങുകൾക്കുള്ള ഒരുക്കങ്ങൾ തുടങ്ങിയിരുന്നു. നാളെ ജില്ല കമ്മിറ്റി ഓഫീസിൽ നിന്ന് മൃതദേഹം നേരയെത്തിക്കുക പയ്യാമ്പലത്തേക്കാണ്. മുതിർന്ന നേതാക്കൾക്കും അടുത്ത ബന്ധുക്കൾക്കും മാത്രമാകും ഇവിടേക്ക് പ്രവേശനം. ഉച്ച മുതൽ ബീച്ചും പരിസരവും പൂർണമയി റെഡ് വളൻ്റിയർമാരുടെ നിയന്ത്രണത്തിലാകും.