കേരളം
ടെക്നോപാർക്കിലെ സ്റ്റാർട്ട് അപ്പിന് കേന്ദ്ര സർക്കാർ അംഗീകാരം
ടെക്നോപാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന സൈബർസെക്യൂരിറ്റി വിദഗ്ധ സ്ഥാപനമായ ബീഗിൾ സെക്യൂരിറ്റിക്ക് കേന്ദ്ര സർക്കാരിന്റെ സെർട്ട്-ഇൻ (CERT-IN) അംഗീകാരം ലഭിച്ചു. ഇന്ത്യയുടെ ഇന്റർനെറ്റ് പരിധിയിൽ വരുന്ന സൈബർ ആക്രമണങ്ങളെ പ്രാഥമികമായി നേരിടുന്നതിന് വേണ്ടിയുള്ള കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജിയുടെ കീഴിലുള്ള നോഡൽ ഏജൻസിയാണ് സെർട്ട്- ഇൻ. ഈ നേട്ടം കരസ്ഥമാക്കുന്നതു വഴി കൂടുതൽ സ്ഥാപനങ്ങളുടെ സൈബർ സുരക്ഷ ഉറപ്പ് വരുത്താനും, ഒപ്പം ഇത് കൈവരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കമ്പനികളുടെ പട്ടികയിൽ ഇടം പിടിക്കാനും ബീഗിൾ സെക്യൂരിറ്റിക്ക് സാധിച്ചു.
കേന്ദ്ര അംഗീകാരം ലഭിച്ചതോടെ ദേശീയ, സംസ്ഥാന സർക്കാർ, പൊതുമേഖലാ, ബാങ്കിങ്, നോൺ ബാങ്കിങ് ഫിനാൻഷ്യൽ കമ്പനികൾ (എൻബിഎഎഎഫ്സി) എന്നിവർക്ക് വേണ്ട സേവനങ്ങൾ ലഭ്യമാക്കാൻ ഉദ്ദേശിക്കുന്ന കമ്പനികൾക്ക് സെർട്ട്-ഇൻ (CERT-IN) അംഗീകൃത സർട്ടിഫിക്കേഷൻ നൽകാൻ ബീഗിൾ സെക്യൂരിറ്റിക്കു സാധ്യമാവും.
ഇതിനോടകം തന്നെ 1500ൽ പരം ചെറുകിട-വൻകിട സ്ഥാപനങ്ങളുടെ സൈബർ സുരക്ഷ ഉറപ്പ് വരുത്താൻ ബീഗിൾ സെക്യൂരിറ്റിക്ക് കഴിഞ്ഞതായി ബീഗിൾ സെക്യൂരിറ്റിയുടെ സഹ-സ്ഥാപകനും സ്ഥാപന മേധാവിയുമായ റെജാഹ് റഹിം വ്യക്തമാക്കി.
സെർട്ട്-ഇൻ (CERT-IN) അംഗീകൃത സ്ഥാപനമാവുന്നതിലൂടെ കൂടുതൽ വിശ്വസ്തതയും ഒപ്പം കൂടുതൽ ഇന്ത്യൻ സ്ഥാപനങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്താനും കമ്പിനിക്ക് സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.