കേരളം
ഭാരത് ജോഡോ യാത്ര ഇന്ന് എറണാകുളത്ത്; കൊച്ചിയിൽ ഗതാഗത നിയന്ത്രണം, ക്രമീകരണം ഇങ്ങനെ
രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇന്നും നാളെയും എറണാകുളം ജില്ലയിൽ പര്യടനം നടത്തും. ഇന്ന് രാവിലെ 6.30ന് കുമ്പളം ടോൾ പ്ലാസയിൽനിന്ന് ജാഥ ആരംഭിച്ചു. പദയാത്ര 10:30ന് ഇടപ്പള്ളി സെന്റ് ജോർജ് പള്ളി പാരിഷ് ഹാളിൽ എത്തിച്ചേരും.
അരൂർ മുതൽ ഇടപ്പള്ളി വരെ ഇന്ന് രാവിലെ 6.30 മുതൽ 11.30 വരെയും ദേശീയപാതയിൽ വൈകിട്ട് 3 മണി മുതൽ 9 വരെയും ഗതാഗത നിയന്ത്രണം ഉണ്ടാകുമെന്നു സിറ്റി പൊലീസ് അറിയിച്ചു. ആലുവ ഭാഗത്തു നിന്ന് ആലപ്പുഴ ഭാഗത്തേക്കു പോകുന്ന വാഹനങ്ങൾക്കു നിയന്ത്രണമില്ല.
ഉച്ചയ്ക്ക് രണ്ട് മണി മുതൽ 2:30 വരെ സ്റ്റാർട്ടപ്പ് – ഐ ടി മേഖലയിലെ പ്രഫഷനലുകളുമായും 2:30 മുതൽ മൂന്ന് മണി വരെ ട്രാൻസ്ജെൻഡർ പ്രതിനിധികളുമായും കൂടിക്കാഴ്ച നടത്തും. വൈകിട്ട് നാല് മണിക്ക് ഇടപ്പള്ളി ടോൾ ജംക്ഷനിൽ നിന്ന് പദയാത്ര പുനരാരംഭിക്കും. രാത്രി ഏഴ് മണിക്ക് ആലുവ സെമിനാരിപ്പടിയിൽ രാഹുൽ ഗാന്ധി പ്രസംഗിക്കും. യു സി കോളജിലാണ് താമസം.
ഗതാഗത നിയന്ത്രണങ്ങൾ
ആലപ്പുഴ ഭാഗത്തുനിന്ന് തൃപ്പൂണിത്തുറ, എറണാകുളം, ഇടപ്പള്ളി, ആലുവ, പറവൂർ ഭാഗത്തേക്ക് വരുന്ന എല്ലാ വാഹനങ്ങളും അരൂർ പള്ളി സിഗ്നൽ ജങ്ഷനിൽനിന്ന് ഇടത്തേക്ക് തിരിഞ്ഞ് ഇടക്കൊച്ചി, പാമ്പായിമൂല, കണ്ണങ്കാട്ട് പാലം, തേവര ഫെറി ജങ്ഷനിൽ എത്തി വിവിധ ഭാഗങ്ങളിലേക്ക് പോകണം. വലിയ വാഹനങ്ങൾ മേൽപറഞ്ഞ റൂട്ടിലൂടെ കുണ്ടന്നൂർ ജങ്ഷനിലെത്തി എൻ.എച്ച് 85ലൂടെ മരട്, മിനി ബൈപാസ് ജങ്ഷൻ, പേട്ട ജങ്ഷൻ, എസ്.എൻ ജങ്ഷൻ വഴി സീ പോർട്ട് -എയർ പോർട്ട് റോഡിലെത്തി യാത്ര തുടരണം.
ഭാരത് ജോഡോ യാത്ര കുണ്ടന്നൂർ ജംക്‌ഷൻ പിന്നിട്ടു കഴിഞ്ഞാൽ വാഹനങ്ങൾക്കു അവിടം വരെ പ്രവേശനം നൽകും. തുടർന്ന് സീപോർട്ട് എയർപോർട്ട് റോഡ് വഴിയും കുണ്ടന്നൂർ പാലം വഴിയും തിരിഞ്ഞു പോകാം. യാത്ര വൈറ്റില ജംക്‌ഷൻ പിന്നിട്ടാൽ വാഹനങ്ങൾക്കു വൈറ്റില വരെ എത്തി തമ്മനം – പാലാരിവട്ടം റോഡ് വഴി യാത്ര അനുവദിക്കും. പദയാത്ര പാലാരിവട്ടം ജംക്‌ഷൻ കഴിഞ്ഞാൽ കാക്കനാട് സിവിൽ ലൈൻ റോഡ് വഴി സീപോർട്ട് –എയർപോർട്ട് റോഡ് വഴി ഗതാഗതം തിരിച്ചു വിടും.
ഇടപ്പള്ളി മുതൽ ആലുവ വരെ വൈകിട്ട് 3 മുതൽ രാത്രി 9 വരെയാണു നിയന്ത്രണം. ഇടപ്പള്ളിയിൽ നിന്നു യാത്ര തുടങ്ങിയാൽ ഇടപ്പള്ളി ജംക്‌ഷൻ, ഫ്ലൈഓവർ വഴി ആലുവ ഭാഗത്തേക്കു യാത്ര പറ്റില്ല. കളമശേരി, ആലുവ, തൃശൂർ പോകേണ്ട വാഹനങ്ങൾ ദേശീയപാത 66ലൂടെ കണ്ടെയ്നർ റോഡിലെത്തി യാത്ര തുടരണം. സീപോർട്ട് എയർപോർട്ട് റോഡിലൂടെ ഈ ഭാഗത്തേക്കു പോകുന്നവർ എച്ച്എംടി റോഡ്, എൻഎഡി റോഡ് വഴി യാത്ര തുടരണം. നഗരത്തിൽ നിന്നു പുക്കാട്ടുപടി ഭാഗത്തേക്കു പോകുന്ന വാഹനങ്ങൾ പാലാരിവട്ടം എസ്എൻ ജംക്‌ഷൻ, പാലാരിവട്ടം ബൈപാസ് വഴി പോകണം.