കേരളം
കെ എം ബഷീർ കൊല്ലപ്പെട്ട കേസ്: നിരപരാധിയാണെന്ന് വഫ, ഹർജിയിൽ ഇന്ന് വിധി
കെ എം ബഷീർ കൊല്ലപ്പെട്ട കേസിലെ രണ്ടാം പ്രതി വഫ ഫിറോസ് നൽകിയ വിടുതൽ ഹർജിയിൽ ഇന്ന് വിധി പറയും. അപകടകരമായി വാഹനം ഓടിക്കാൻ ഒന്നാം പ്രതിയായ ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെ പ്രേരിപ്പിച്ചുവെന്നാണ് വഫക്കെതിരായ കേസ്. താൻ നിരപരാധിയാണെന്നും ഒഴിവാക്കണമെന്നുമാണ് വഫയുടെ വാദം. അതേസമയം കേസിൽ ഗൂഡാലോചനയിൽ പങ്കുള്ള വഫയുടെ ഹർജി തള്ളണമെന്നാണ് പ്രോസിക്യൂഷൻ നിലപാട്.
തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഹർജി പരിഗണിക്കുന്നത്. കുറ്റപത്രത്തിൽ അന്വേഷണ സംഘം ഉൾപ്പെടുത്തിയ 100 സാക്ഷികളിൽ ഒരാൾ പോലും വഫയ്ക്കെതിരെ മൊഴി നൽകിയിട്ടില്ല. ഇക്കാര്യം വഫയുടെ അഭിഭാഷകൻ കോടതിയിൽ ചൂണ്ടിക്കാട്ടി. ഒന്നാംപ്രതി ശ്രീറാം വെങ്കിട്ടരാമനും വിടുതൽ ഹർജി സമർപ്പിക്കുമെന്ന് വാക്കാൽ കോടതിയെ അറിയിച്ചിട്ടുണ്ട്.
2019 ആഗസ്റ്റ് മൂന്ന് പുലർച്ചെയായിരുന്നു ബഷീറിന്റെ മരണം. വഫ ഫിറോസിൻറെ പേരിലുള്ളതായിരുന്നു ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കെ എം ബഷീറിനെ ഇടിച്ച വാഹനം.