കേരളം
കെപിസിസി പ്രസിഡന്റ് തെരഞ്ഞെടുപ്പ് നാളെ; ഭാരവാഹി തെരഞ്ഞെടുപ്പും ചര്‍ച്ചയായേക്കും
കെപിസിസി പ്രസിഡന്റ് തെരഞ്ഞെടുപ്പ് നാളെ നടക്കും. ഇതിനായി പാര്‍ട്ടി ജനറല്‍ ബോഡി യോഗം നാളെ ചേരും. കെ സുധാകരന്‍ പ്രസിഡന്റായി തുടരുമെന്നാണ് ഇപ്പോഴത്തെ ധാരണ. അതേസമയം, പ്രസിഡന്റായി സുധാകരനെ തിരഞ്ഞെടുത്തുകൊണ്ടുള്ള പ്രഖ്യാപനം നാളെ ഉണ്ടായേക്കില്ല.
പ്രസിഡന്റിനെ തീരുമാനിക്കാനായി കോണ്‍ഗ്രസ് അധ്യക്ഷയെ ചുമതലപ്പെടുത്തി പ്രമേയം പാസാക്കാനാണ് സാധ്യത. കെപിസിസി ഭാരവാഹികള്‍, നിര്‍വാഹക സമിതി അംഗങ്ങള്‍, എഐസിസി അംഗങ്ങള്‍, സംസ്ഥാന തെരഞ്ഞെടുപ്പ് സമിതി എന്നിവരുടെ തെരഞ്ഞെടുപ്പും നാളത്തെ യോഗത്തിന്റെ അജന്‍ഡയില്‍ ഉള്‍പ്പെടുന്നുണ്ട്.
രാവിലെ 11 ന് ഇന്ദിരാഭവനിലെ രാജീവ് ഗാന്ധി ഓഡിറ്റോറിയത്തില്‍ വെച്ചാണ് യോഗം. കെപിസിസി ജനറല്‍ ബോഡി അംഗങ്ങള്‍ക്കാണ് തെരഞ്ഞെടുപ്പുകളില്‍ വോട്ടവകാശം. സംഘടനാ തെരഞ്ഞെടുപ്പിന്റെ ഭാഗമായ നടപടിക്രമം ഔപചാരികമായി പൂര്‍ത്തിയാക്കാമെന്നും മത്സരം വേണ്ടെന്നുമാണ് സംസ്ഥാന നേതൃത്വത്തിലുണ്ടായിട്ടുള്ള ധാരണയെന്നാണ് വിവരം.
310 അംഗ കെപിസിസി അംഗങ്ങളുടെ പട്ടികയ്ക്ക് ഹൈക്കമാന്‍ഡ് അംഗീകാരം നല്‍കിയിട്ടുണ്ട്. പട്ടികയില്‍ 77 പുതുമുഖങ്ങളുണ്ട്. ബ്ലോക്കുകളെ പ്രതിനിധീകരിച്ചുള്ള 285 പേര്‍ക്കു പുറമേ പ്രധാന നേതാക്കളെക്കൂടി ഉള്‍പ്പെടുത്തിയതോടെയാണ് ജംബോ പട്ടികയായത്.