കേരളം
എറണാകുളം ജനറല്‍ ആശുപത്രിയില്‍ അത്യപൂര്‍വ്വ ശസ്ത്രക്രിയ
അത്യപൂര്‍വ്വ ശസ്ത്രക്രിയ നടത്തി എറണാകുളം ജനറല്‍ ആശുപത്രി. ഹൃദയം തുറക്കാതെ വാല്‍വ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയാണ് ഇക്കുറി എറണാകുളം ജനറല്‍ ആശുപത്രി വീണ്ടും വാര്‍ത്തകളില്‍ ഇടംപിടിച്ചത്. ഹൃദയത്തിന്റെ അയോര്‍ട്ടിക് വാല്‍വ് ചുരുങ്ങിയത് മൂലം മരണാസന്നനായ പെരുമ്പാവൂര്‍ സ്വദേശിയായ 69 കാരനാണ് ഇന്ന് എറണാകുളം ജനറല്‍ ആശുപത്രിയില്‍ വിജയകരമായി ശസ്ത്രക്രിയ നടത്തിയത്. ശ്രീ ചിത്തിര ആശുപത്രിയുള്‍പ്പെടെ അപൂര്‍വ്വം സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രമേ ടിഎവിആര്‍. ശസ്ത്രക്രിയ (ട്രാന്‍സ്‌കത്തീറ്റര്‍ അയോര്‍ട്ടിക് വാല്‍വ് റിപ്ലെയ്‌സ്‌മെന്റ് Trans catheter Aortic Valve Replacement) ഇതു വരെ ലഭ്യമായിരുന്നുള്ളു.
ഇന്ത്യയില്‍ ആദ്യമായാണ് ഒരു ജില്ലാ തല സര്‍ക്കാര്‍ ആശുപത്രി ഈ നൂതന ചികില്‍സാ രീതി അവലംബിക്കുന്നതെന്ന് നാഷണല്‍ ഹെല്‍ത്ത് മിഷന്‍ എറണാകുളം പ്രൊജക്ട് മാനേജര്‍ ഡോ. സജിത്ത് ജോണ്‍ പറഞ്ഞു. നെഞ്ചോ ഹൃദയമോ തുറക്കാതെ കാലിലെ രക്തകുഴലില്‍ വളരെ ചെറിയ മുറിവുണ്ടാക്കി അതിലൂടെ കത്തീറ്റര്‍ കടത്തിവിട്ടാണ് വാല്‍വ് മാറ്റിവക്കുന്നത്. രോഗിയെ പൂര്‍ണമായും മയക്കാതെ ചെറിയൊരളവില്‍ സെഡേഷന്‍ മാത്രം നല്‍കിക്കൊണ്ടാണ് ഈ ഓപ്പറേഷന്‍ പൂര്‍ത്തിയാക്കിയത്.
കാര്‍ഡിയോളജി, കാര്‍ഡിയോതൊറാസിക് സര്‍ജറി , കാര്‍ഡിയാക് അനസ്‌തേഷ്യ വിഭാഗങ്ങളുടെ കൂട്ടായ പരിശ്രമമാണ് ഈ ചികില്‍സ സുഗമമായി പൂര്‍ത്തിയാക്കാന്‍ കാരണമായതെന്നും രണ്ട് ദിവസത്തിനകം രോഗിക്ക് ആശുപത്രി വിടാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ആശുപത്രി സൂപ്രണ്ട് ഇന്‍ ചാര്‍ജ് ഡോ.ആശ കെ ജോണ്‍ പറഞ്ഞു.
കാര്‍ഡിയോളജി വിഭാഗം ഡോക്ടര്‍മാരായ ഡോ.ആശിഷ് കുമാര്‍ , ഡോ.പോള്‍ തോമസ്, ഡോ.വിജോ ജോര്‍ജ്, ഹൃദയ ശസ്ത്രക്രിയ വിഭാഗത്തിലെ ഡോ. ജോര്‍ജ് വാളൂരാന്‍, കാര്‍ഡിയാക് അനസ്‌തേഷ്യ വിഭാഗത്തിലെ ഡോ.ജിയോ പോള്‍, ഡോ. ദിവ്യ ഗോപിനാഥ് എന്നിവര്‍ നേതൃത്വം കൊടുത്ത ശസ്ത്രക്രിയയില്‍ ഡോ.സ്റ്റാന്‍ലി ജോര്‍ജ്, ഡോ. ബിജുമോന്‍ , ഡോ. ഗോപകുമാര്‍ , ഡോ. ശ്രീജിത് എന്നിവരും പങ്കെടുത്തു.
ശസ്ത്രക്രിയയില്‍ പങ്കെടുത്ത എല്ലാ ഡോക്ടര്‍മാരെയും മറ്റ് ജീവനക്കാരെയും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു.എറണാകുളം ജനറല്‍ ആശുപത്രിയില്‍ നാളിതുവരെ ഇരുപതിനായിരത്തോളം രോഗികള്‍ക്ക് ആന്‍ജിയോഗ്രാം, ആന്‍ജിയോപ്ലാസ്റ്റി , പേസ്‌മേക്കര്‍ ചികില്‍സകള്‍ ലഭ്യമാക്കിയിട്ടുണ്ടെന്നും ഈ ചികില്‍സകള്‍ എല്ലാം തന്നെ 90 ശതമാനം രോഗികള്‍ക്കും സര്‍ക്കാരിന്റെ ആരോഗ്യ ഇന്‍ഷുറന്‍സ്, കാരുണ്യ പദ്ധതികളിലൂടെ പൂര്‍ണമായും സൗജന്യമായിട്ടാണ് നല്‍കിയതെന്നും അധികൃതര്‍ വിശദീകരിച്ചു.