കേരളം
കാസർകോട് ജനറൽ ആശുപത്രിയില്‍ രാത്രി പോസ്റ്റുമോർട്ടം നിര്‍ത്തി; ജീവനക്കാരില്ലെന്ന് ഡോക്ടർമാർ
കാസർകോട് ജനറല്‍ ആശുപത്രിയില്‍ രാത്രി പോസ്റ്റ്മോര്‍ട്ടം നിര്‍ത്തി. പോസ്റ്റ്മോര്‍ട്ടം നടത്താനുള്ള മാനവവിഭവ ശേഷി ഇല്ലെന്ന് ചൂണ്ടികാണിച്ചാണ് സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കെ ജി എം ഒ യുടെ ബഹിഷ്ക്കരണ സമരം. എന്നാല്‍ പോസ്റ്റ്മോര്‍ട്ടം നടത്താനുള്ള അടിസ്ഥാന സൗകര്യങ്ങളെല്ലാം ഉണ്ടെന്നും പോസ്റ്റ് മോർട്ടം നിർത്താനുള്ള തീരുമാനം ഡോക്ടര്‍മാരുടേത് ധാര്‍ഷ്ട്യമാണെന്നും എം എല്‍ എ ആരോപിച്ചു.
ചൊവ്വാഴ്ച മുതലാണ് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ രാത്രി പോസ്റ്റ്മോര്‍ട്ടം നടത്തില്ലെന്ന് ഡോക്ടര്‍മാര്‍ തീരുമാനിച്ചത്. സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കെ ജി എം ഒ എയുടെ നേതൃത്വത്തില്‍ മോർച്ചറിക്ക് മുന്നില്‍ ഇത് സംബന്ധിച്ച് നോട്ടീസ് പതിക്കുകയും ചെയ്തു. മതിയായ മാനവ വിഭവ ശേഷി ഏര്‍പ്പെടുത്താന്‍ ആരോഗ്യ വകുപ്പ് തയ്യാറാവാത്തതിനാലാണ് രാത്രി പോസ്റ്റ്മോര്‍ട്ടം നിര്‍ത്തുന്നതെന്നാണ് വിശദീകരണം. ആവശ്യമായ ജീവനക്കാരേയും ഫൊറന്‍സിക് സര്‍ജനേയും നിയിക്കണമെന്നാണ് ആവശ്യം.
എന്നാൽ ഡോക്ടര്‍മാര്‍ക്കെതിരെ ശക്തമായ ആരോപണവുമായി എൻ എ നെല്ലിക്കുന്ന് എം എല്‍ എ രംഗത്തെത്തി. എല്ലാ സൌകര്യങ്ങളും ഉണ്ടായിട്ടും രാത്രി പോസ്റ്റുമോർട്ടം നിർത്തിയത് അംഗീകരിക്കാനില്ല. ഡോകടർമാരുടെ ധാർഷ്ട്യം ആണ് ഇത്തരം നടപടികൾക്ക് പിന്നിലെന്നും എൻ എ നെല്ലിക്കുന്ന് എം എല്‍ എ ആരോപിച്ചു
എൻ എ നെല്ലിക്കുന്ന് എം എല്‍ എ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് ജനറല്‍ ആശുപത്രിയില്‍ രാത്രി പോസ്റ്റ്മോര്‍ട്ടം നടത്തുന്നതിന് സര്‍ക്കാര്‍ നിര്‍ബന്ധിതമായത്. മാര്‍ച്ച് 19 മുതല്‍ രാത്രി പോസ്റ്റ്മോര്‍ട്ടം ആരംഭിക്കുകയും ചെയ്തു. ഡോക്ടര്‍മാരുടെ ഇപ്പോഴത്തെ നിലപാടിനെതിരെ കോടതിയെ സമീപിച്ചിരിക്കുകയാണ് എം എല്‍ എ , എൻ എ നെല്ലിക്കുന്ന്. എന്നാല്‍ ജീവനക്കാരെ നിയമിക്കുന്നത് വരെ രാത്രി പോസ്റ്റ്മോര്‍ട്ട ബഹിഷ്ക്കരണ സമരം തുടരാനാണ് ഡോക്ടര്‍മാരുടെ തീരുമാനം.