കേരളം
വൈദ്യുതി നിരക്ക് കൂട്ടാനുള്ള കേന്ദ്ര ഭേദഗതിയെ കേരളം എതിർക്കും’ മന്ത്രി കെ കൃഷ്ണന്‍കുട്ടി
വൈദ്യുതി നിരക്ക് കൂട്ടാനുള്ള കേന്ദ്ര ഭേദഗതിയെ എതിർക്കുമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി വ്യക്തമാക്കി.കേന്ദ്ര സർക്കാർ നീക്കം കോർപ്പറേറ്റുകളെ സഹായിക്കാനാണ്. റെഗുലേറ്ററി ബോർഡിൻ്റെ അനുമതിയില്ലാതെ നിരക്ക് വർധിപ്പിക്കാനാണ് കേന്ദ്ര ഊർജമന്ത്രാലയം ഭേദഗതി കൊണ്ടുവരുന്നത്.വിയോജിപ്പ് അറിയിച്ച് ഉടൻ കേന്ദ്രത്തിന് മറുപടി നൽകുമെന്നും മന്ത്രി അറിയിച്ചു.
അതേ സമയം ഇനി ഓരോ മാസവും വൈദ്യുതി നിരക്ക് കൂടാൻ സാധ്യത. ഓരോ മാസവും നിരക്ക് വർദ്ധിപ്പിക്കാവുന്ന ചട്ടഭേദഗതിക്ക് കേന്ദ്രസർക്കാർ ഒരുങ്ങുന്നതായി റിപ്പോർട്ട്. വൈദ്യുതി വിതരണക്കമ്പനികൾക്ക് ഓരോ മാസവും വൈദ്യുതി നിരക്ക് കൂട്ടാൻ അനുവദിക്കുന്നതാണ് ചട്ടഭേദഗതി. വൈദ്യുതി റഗുലേറ്ററി കമ്മീഷൻ്റെ മുൻകൂർ അനുമതിയില്ലാതെ കമ്പനികൾക്ക് നിരക്ക് വർദ്ധിപ്പിക്കാം. ഇന്ധനച്ചെലവ്, പ്രസരണ ചാർജ്, വൈദ്യുതി വാങ്ങുന്നതിലെ ചെലവ് തുടങ്ങി കമ്പനികൾക്ക് വരുന്ന അധികച്ചിലവ് വൈദ്യുതി നിരക്കിലൂടെ ഉപഭോക്താക്കളിൽ നിന്ന് ഈടാക്കാം.
വർദ്ധിപ്പിക്കേണ്ട നിരക്ക് കണക്കാക്കാൻ പ്രത്യേക ഫോർമുലയും നിർദ്ദേശിക്കുന്നുണ്ട്. ചട്ടഭേദഗതിയുടെ കരടിൽ സംസ്ഥാനങ്ങളോട് കേന്ദ്ര ഊർജ്ജമന്ത്രാലയം അഭിപ്രായം തേടിയിരിക്കുകയാണ്. വൈദ്യുതി നിയമ ഭേദഗതി ബിൽ പാർലമെന്റ് സ്റ്റാൻഡിങ് കമ്മിറ്റിക്ക് വിട്ടതിനുപിന്നാലെയാണ് കേന്ദ്രം ചട്ടഭേദഗതിയുമായി എത്തിയിരിക്കുന്നത്. നേരത്തേ വൈദ്യുതി നിയമ ഭേദഗതി ബിൽ വലിയ വിവാദമായിരുന്നു.