കേരളം
സ്വാതന്ത്ര്യ ദിനാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
സ്വാതന്ത്ര്യ ദിനാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ത്യയുടെ സ്വാതന്ത്ര്യ സമരം വിവിധ ധാരകൾ ഉൾച്ചേർന്ന ഒന്നായിരുന്നു. ദേശീയ സ്വാതന്ത്ര്യ സമരത്തിൻ്റെ സാമ്രാജ്യത്വ വിരുദ്ധ ജനാധിപത്യ ധാരകളാണ് ഇന്ത്യയെ രൂപപ്പെടുത്തിയ ആശയങ്ങളായി മാറിയത്. സ്വാതന്ത്ര്യ ദിനാഘോഷം, സ്വാതന്ത്ര്യ സമരം മുന്നോട്ടുവെക്കുന്ന ഈ മഹത് മൂല്യങ്ങൾ സംരക്ഷിക്കണമെന്ന ഓർമപ്പെടുത്തലാണ് എന്ന് ഫേസ്ബുക്ക് ലൈവിൽ മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ വാക്കുകൾ:
വൈദേശികാധിപത്യത്തിനെതിരെ പൊരുതിയ ധീര സ്വാതന്ത്ര്യ സമര പോരാളികളെ നമുക്ക് സ്മരിക്കാം. കൊളോണിയൽ ശക്തിക്കെതിരെ ജാതി, മതം, ഭാഷ തുടങ്ങി എല്ലാ വ്യത്യാസങ്ങൾക്കും അതീതമായി. ഒറ്റക്കെട്ടായി അതിശക്തമായ ചെറുത്തുനിൽപായിരുന്നു അവർ നടത്തിയത്. അവർ ഉയർത്തിയ മുന്നേറ്റമാണ് സ്വാതന്ത്ര്യവും ഭരണഘടനാ അധിഷ്ഠിതവുമായ ജനാധിപത്യ വ്യവസ്ഥയെ നമുക്ക് സമ്മാനിച്ചത്. ഇന്ത്യയുടെ സ്വാതന്ത്ര്യ സമരം വിവിധ ധാരകൾ ഉൾച്ചേർന്ന ഒന്നായിരുന്നു. ദേശീയ സ്വാതന്ത്ര്യ സമരത്തിൻ്റെ സാമ്രാജ്യത്വ വിരുദ്ധ ജനാധിപത്യ ധാരകളാണ് ഇന്ത്യയെ രൂപപ്പെടുത്തിയ ആശയങ്ങളായി മാറിയത്.
കേരളത്തിലെ പഴശ്ശി കലാപവും മലബാർ കലാപവും പുന്നപ്ര വയലാർ സമരവുമെല്ലാം വൈദേശിക ആധിപത്യത്തിനെതിരെ രൂപം കൊണ്ട ആ വലിയ സമരത്തിൻ്റെ വ്യത്യസ്ത രൂപങ്ങളാണ്. സ്വാതന്ത്ര്യ സമരം പകർന്ന ഊർജത്തിൽ നിന്നാണ് ഭാഷാ സംസ്ഥാനങ്ങളുടെയും ഫെഡറൽ വ്യവസ്ഥയുടെയും ആശയരൂപീകരണം ഉണ്ടാവുന്നത്. അതിനാൽ, സ്വാതന്ത്ര്യ ദിനാഘോഷം, സ്വാതന്ത്ര്യ സമരം മുന്നോട്ടുവെക്കുന്ന ഈ മഹത് മൂല്യങ്ങൾ സംരക്ഷിക്കണമെന്ന ഓർമപ്പെടുത്തലാണ്. രാജ്യത്തെ മതനിരപേക്ഷത സംരക്ഷിക്കാനും ജനാധിപത്യം കരുത്തുറ്റതാക്കാനും പ്രതിജ്ഞ ചെയ്യേണ്ട അവസ്ഥ കൂടിയാണ് ഇത്. ജാതി, മത, വർഗീയ വേർതിരിവുകൾക്കെതിരെ ജാഗ്രതയോടെ പോരാട്ടം തുടരാനുള്ള ആഹ്വാനം നമുക്ക് ഉച്ചയിസ്ഥരം മുഴക്കാം. പുരോഗതിയ്ക്കും സമത്വപൂർണമായ ജീവിതത്തിനുമായി കൈകോർക്കാം. സ്വാതന്ത്ര്യത്തിൻ്റെ 75ആം വാർഷികം ആ വിധത്തിൽ ഏറ്റവും അർത്ഥവത്താവട്ടെ. എല്ലാവർക്കും ഹൃദയപൂർവം സ്വാതന്ത്ര്യ ദിനാശംസകൾ.