Uncategorized
ഓണത്തിന് ആറു ട്രെയിനുകള്‍; വേളാങ്കണ്ണി സ്‌പെഷല്‍ തീവണ്ടി അടുത്തയാഴ്ച മുതല്‍
ഓണക്കാലത്തെ തിരക്കു കുറയ്ക്കാന്‍ ദക്ഷിണറെയില്‍വേ ആറു ട്രെയിനുകള്‍ അനുവദിച്ചു. ആറു ട്രെയിനുകളും 10 സര്‍വീസുകളുമാണ് അനുവദിച്ചിട്ടുള്ളത്. ഓണ സീസണില്‍ ആദ്യമായാണ് ഇത്രയും കുറവ് സര്‍വീസ് റെയില്‍വേ ഏര്‍പ്പെടുത്തുന്നതെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
ചെന്നൈ, ബംഗലൂരു എന്നിവിടങ്ങളിലേക്കാണ് ട്രെയിന്‍ അനുവദിച്ചത്. മലയാളികള്‍ ഏറെയുള്ള മുംബൈ, ഡല്‍ഹി, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ നിന്നും പ്രത്യേക ട്രെയിനുകള്‍ ഇല്ല. കൂടുതല്‍ ട്രെയിനുകള്‍ അനുവദിക്കുന്ന കാര്യം പരിഗണനയിലാണെന്ന് റെയില്‍വേ അധികൃതര്‍ സൂചിപ്പിച്ചിട്ടുണ്ട്.
വേളാങ്കണ്ണിയിലേക്ക് എറണാകുളത്തു നിന്നും തിരുവനന്തപുരത്തു നിന്നും ഓരോ സ്‌പെഷല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം ജംഗ്ഷന്‍- വേളാങ്കണ്ണി ട്രെയിന്‍ അടുത്തയാഴ്ച സര്‍വീസ് ആരംഭിക്കും. ഓഗസ്റ്റ് 15 ന് ഉച്ചയ്ക്ക് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 8.15 ന് ട്രെയിന്‍ വേളാങ്കണ്ണിയിലെത്തും.
സെപ്റ്റംബര്‍ അഞ്ചുവരെ എല്ലാ തിങ്കളാഴ്ചകളിലുമാണ് ട്രെയിന്‍. കോട്ടയം വഴിയാണ് സര്‍വീസ്. മടക്ക ട്രെയില്‍ ഓഗസ്റ്റ് 16 ന് വൈകീട്ട് 5.30 ന് വേളാങ്കണ്ണിയില്‍ നിന്നും പുറപ്പെട്ട് പിറ്റേന്ന് ഉച്ചയ്ക്ക് 12 ന് എറണാകുളത്ത് എത്തും. സെപ്റ്റംബര്‍ ആറുവരെ എല്ലാ ചൊവ്വാഴ്ചകളിലുമാണ് സര്‍വീസ്.
തിരുവനന്തപുരം-വേളാങ്കണ്ണി ട്രെയിന്‍ ഓഗസ്റ്റ് 17 ന് വൈകീട്ട് 3.25 ന് തിരുവനന്തപുരത്തു നിന്നും പുറപ്പെട്ട് പിറ്റേന്ന് രാവിലെ നാലിന് വേളാങ്കണ്ണിയിലെത്തും. സെപ്റ്റംബര്‍ ഏഴു വരെ എല്ലാ ബുധനാഴ്ചകളിലും ഈ ട്രെയിനുണ്ടാകും. മടക്ക ട്രെയിന്‍ ഓഗസ്റ്റ് 18 ന് രാത്രി 11.50 ന് വേളാങ്കണ്ണിയില്‍ നിന്നും പുറപ്പെട്ട് പിറ്റേന്ന് ഉച്ചയ്ക്ക് ഒരു മണിയ്ക്ക് തിരുവനന്തപുരത്തെത്തും. സെപ്റ്റംബര്‍ എട്ടുവരെ എല്ലാ വ്യാഴാഴ്ചയും സര്‍വീസ് ഉണ്ടാകും.