കേരളം
ശക്തമായ മഴ; കോഴിക്കോട് ജില്ലയില്‍ ഇരുപത് വീടുകള്‍ ഭാഗികമായി തകര്‍ന്നു
കോഴിക്കോട് ജില്ലയില്‍ കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയിലും കാറ്റിലും 20 വീടുകള്‍ ഭാഗികമായി തകര്‍ന്നതായി ജില്ലാ ദുരന്ത നിവാരണ സെല്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ ആകെ 16 വില്ലേജുകളിലാണ് നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
കൊയിലാണ്ടി താലൂക്കില്‍ 13 വീടുകള്‍ക്കും വടകര താലൂക്കില്‍ അഞ്ച് വീടുകള്‍ക്കും കോഴിക്കോട് താലൂക്കില്‍ ഒരു വീടിനും താമരശ്ശേരിയിലെ ഒരു വീടിനുമാണ് കനത്ത മഴയില്‍ കേടുപാട് സംഭവിച്ചത്. കനത്ത മഴയെ തുടര്‍ന്ന് കണ്ണൂര്‍ കൊട്ടിയൂര്‍ മാനന്തവാടി റോഡില്‍ കല്ല് ഇടിഞ്ഞു വീണ് ഗതാഗതം തടസപ്പെട്ടു.
പാല്‍ച്ചുരം ചെകുത്താന് റോഡിന് സമീപത്ത് വൈകീട്ട് നാലുമണിയോടെയാണ് സംഭവം. ചുരത്തിന് മുകളില്‍ നിന്ന് വലിയ കരിങ്കല്ലിനൊപ്പം മരങ്ങളും മണ്ണും റോഡിലേക്ക് പതിച്ചു. ഫയര്‍ഫോഴ്സും നാട്ടുകാരും പൊലീസും ചേര്‍ന്ന് കല്ല് മാറ്റാനുള്ള ശ്രമം നടത്തുകയാണ്. തലശ്ശേരിയില്‍ പഴയ കിണര്‍ മൂടുന്നതിനിടെ മണ്ണിനൊപ്പം കിണറില്‍ അകപ്പെട്ട തൊഴിലാളിയെ പരിക്കുകളോടെ രക്ഷിച്ചു.