കേരളം
ബാലുശ്ശരി ആള്‍ക്കൂട്ടാക്രമണം; പ്രധാന പ്രതി പിടിയില്‍
കോഴിക്കോട് ബാലുശ്ശേരി ആള്‍ക്കൂട്ടാക്രമണത്തിലെ പ്രധാനപ്രതി പിടിയില്‍. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ജിഷ്ണുവിനെ മുക്കിക്കൊല്ലാന്‍ ശ്രമിച്ച എസ്ഡിപിഐ പ്രവര്‍ത്തകനായ മൂടോട്ടുകണ്ടി സഫീറാണ് പൊലീസ് പിടിയിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം പത്തായി.
എസ്ഡിപിഐയുടെ പോസ്റ്റര്‍ നശിപ്പിച്ചെന്നാരോപിച്ചായിരുന്നു ഡിവൈഎഫ്‌ഐ യൂണിറ്റ് സെക്രട്ടറി ജിഷ്ണുരാജിനെ ആള്‍ക്കൂട്ടം ക്രൂരമായി മര്‍ദ്ദിച്ചത്.. സംഭവത്തില്‍ നേരത്തെ അറസ്റ്റിലായ ഒമ്പതുപേരുടെയും ജാമ്യാപേക്ഷ ജില്ല സെഷന്‍സ് കോടതി തള്ളിയിരുന്നു. ക്രൂരമായ ആക്രമണമാണ് നടന്നതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ജാമ്യാപേക്ഷ തള്ളിയത്.
ബാലുശ്ശേരി പാലോളി മുക്കിലാണ് ജിഷ്ണുവിനെ 30 ഓളം പേര്‍ വളഞ്ഞിട്ടാക്രമിച്ചത്. പിറന്നാളാഘോഷം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ജിഷ്ണുവിനെ സംഘം തടഞ്ഞു നിര്‍ത്തി. ഫ്‌ലസ്‌ക് ബോര്‍ഡ് നശിപ്പിക്കാന്‍ വന്നതാണെന്നും പാര്‍ട്ടി നേതാക്കള്‍ ആയുധം കൊടുത്തു വിട്ടെന്നും കഴുത്തില്‍ കത്തിവച്ച് പറയിച്ച് വീഡിയോയും ചിത്രീകരിച്ചു. തുടര്‍ന്ന് വെള്ളത്തില്‍ മുക്കി കൊല്ലാനും ശ്രമിച്ചു. മൂന്ന് മണിക്കൂര്‍ നേരത്തെ ക്രൂരമര്‍ദ്ദനത്തിന് ശേഷമാണ് ആള്‍ക്കൂട്ടം ജിഷ്ണുവിനെ പൊലീസിന് കൈമാറിയത്. പ്രതികള്‍ക്കെതിരെ വധശ്രമത്തിനുള്‍പ്പെടെ കേസെടുത്തിട്ടുണ്ട്.