കേരളം
എട്ടാമത് അന്താരാഷ്ട്ര യോഗ ദിനാചരണം സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും
എട്ടാമത് അന്താരാഷ്ട്ര യോഗ ദിനാചരണം സംസ്ഥാനതല ഉദ്ഘാടനം ജൂണ്‍ 21ന് രാവിലെ 7.45ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈന്‍ വഴി നിര്‍വഹിക്കും. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അധ്യക്ഷതയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് മുഖ്യ പ്രഭാഷണവും നടത്തും. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി പങ്കെടുക്കും.
ആരോഗ്യ സംരക്ഷണത്തിലും രോഗങ്ങളില്‍ നിന്നു മുക്തി തേടുന്നതിലും സൗഖ്യം അഥവാ വെല്‍നെസ് പ്രദാനം ചെയ്യുന്നതിലും യോഗയ്ക്കുള്ള പ്രാധാന്യം അന്താരാഷ്ട്ര തലത്തില്‍ തന്നെ ശ്രദ്ധയാകര്‍ഷിച്ചു കഴിഞ്ഞതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ‘യോഗ ഫോര്‍ ഹ്യൂമാനിറ്റി’ എന്നതാണ് ഈ വര്‍ഷത്തെ യോഗ ദിനാചരണ സന്ദേശം. ഭാരതത്തില്‍ ഉത്ഭവിച്ച യോഗ ചെന്നെത്താത്ത ലോകരാജ്യങ്ങള്‍ ഇല്ല എന്ന് തന്നെ പറയാം. ഒരേസമയം ശരീരത്തിന് വ്യായാമവും മനസിന് ശാന്തതയും പ്രദാനം ചെയ്യുന്നു എന്നത് യോഗയുടെ മാത്രം പ്രത്യേകതയാണെന്നും മന്ത്രി പറഞ്ഞു.
യോഗയും വിവിധ ചികിത്സാ പദ്ധതികളും സംയോജിപ്പിച്ചുകൊണ്ട് വികസിപ്പിച്ചു വരുന്ന ചികിത്സാ രീതികള്‍ ആതുര ശുശ്രൂഷാ രംഗത്ത് വളരെ ഫലപ്രദമായി ഉപയോഗിച്ചു വരുന്നു. സര്‍ക്കാരിന്റെ കീഴില്‍ ഇന്ന് 300ലധികം യോഗ പരിശീലന കേന്ദ്രങ്ങള്‍ കേരളത്തില്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ട്. വിദ്യാര്‍ഥികള്‍, സ്ത്രീകള്‍, വയോജനങ്ങള്‍ എന്നിങ്ങനെ എല്ലാ വിഭാഗങ്ങള്‍ക്കും യോഗ പരിശീലനം ലഭ്യമാക്കി ജീവിതത്തിന്റെ ഭാഗമായി യോഗയെ മാറ്റിയെടുക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ജില്ലാ ആസ്ഥാനങ്ങളിലും തദ്ദേശഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലും സ്‌കൂളുകളിലും കോളേജുകളിലും പ്രധാനപ്പെട്ട സര്‍ക്കാര്‍ ഓഫീസുകളിലും യോഗയുമായി ബന്ധപ്പെട്ട പരിപാടികളും പരിശീലനങ്ങളും സംസ്ഥാന ആയുഷ് വകുപ്പ് നടത്തുന്നുണ്ട്.