കേരളം
വിമാനത്തിനുളളിലെ പ്രതിഷേധത്തിൽ മുൻകൂർ ജാമ്യം തേടി മൂന്നാം പ്രതി സുനിത് നാരായണൻ ; ഹർജി ഇന്ന് പരിഗണിക്കും
വിമാനത്തിൽ മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ മൂന്നാം പ്രതിയും യൂത്ത് കോൺഗ്രസ് പ്രവർത്തകനുമായ സുനിത് നാരായണൻ നൽകിയ മുൻകൂർ ജാമ്യ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. തന്നെ കള്ള കേസിൽ പെടുത്തകയായിരുന്നുവെന്നും അക്രമത്തിൽ പങ്കാളിയല്ലെന്നുമാണ് സുനിത്തിൻറെ വാദം.
വ്യക്തിപരമായ ആവശ്യത്തിന് കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു. യൂത്ത് കോൺഗ്രസ് പ്രവർത്തകനായതിനാൽ രാഷ്ടീയ വിരോധം വെച്ച് അറസ്റ്റ് ചെയ്ത് പീഡിപ്പിക്കാൻ സാധ്യതയുണ്ടെന്നും അന്വേഷണവുമായി സഹകരിക്കാമെന്നും ഹർജിക്കാരൻ കോടതിയെ അറിയിച്ചിട്ടുണ്ട്.
വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച സംഭവത്തിലെ പ്രതികളുടെ ജാമ്യഹർജിയിൽ ഹൈക്കോടതി കഴിഞ്ഞ ദിവസം സർക്കാരിനോട് വിശദീകരണം തേടിയിരുന്നു. ഫർസീൻ മജീദ്, നവീൻ എന്നിവരുടെ ജാമ്യ ഹർജിയിലാണ് ഹൈക്കോടതി വിശദീകരണം തേടിയത്.
ഹർജി ചൊവ്വാഴ്ച പരിഗണിക്കും. വലിയതുറ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ജാമ്യം തേടിയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ഫർസീൻ മജീദ്, ആർ കെ നവീൻ എന്നിവർ ഹൈക്കോടതിയെ സമീപിച്ചത്. വിമാനത്തിൽ നടന്നത് മുദ്രാവാക്യം വിളി മാത്രമാണെന്നും ഇതിന് വധശ്രമത്തിന് കേസെടുക്കാൻ കഴിയില്ലെന്നും ഹർജിക്കാർ കോടതിയെ അറിയിച്ചു.