കേരളം
ലോക കേരള സഭയുടെ മൂന്നാം സമ്മേളനത്തിന് ഇന്ന് തുടക്കം
ലോക കേരള സഭയുടെ മൂന്നാം സമ്മേളനത്തിന് ഇന്ന് തുടക്കമാകും. വൈകിട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. ജൂൺ 18 വരെ നീണ്ടുനിൽക്കുന്ന ലോക കേരള സഭയിൽ, 65 രാജ്യങ്ങളിൽ നിന്നും 21 സംസ്ഥാനങ്ങളിൽ നിന്നുമുള്ള പങ്കാളിത്തം ഉണ്ടാകും. അതേസമയം, സമ്മേളനത്തിൽ പങ്കെടുക്കുമോ എന്ന കാര്യത്തിൽ പ്രതിപക്ഷം ഇതുവരെയും നിലപാട് വ്യക്തമാക്കിയിട്ടില്ല.
പ്രളയം, കൊവിഡ്, യുക്രൈൻ യുദ്ധം തുടങ്ങിയ വിഷയങ്ങളുയർത്തുന്ന വെല്ലുവിളികൾക്കിടെയാണ് മൂന്നാംലോക കേരള സഭ സമ്മേളിക്കുന്നത്. നിയമസഭാ മന്ദിരത്തിൽ നടക്കുന്ന സമ്മേളനത്തിൽ 8 വിഷയാധിഷ്ഠിത ചർച്ചകളുണ്ടാകും. 351 അംഗ സഭയിൽ, കേരളത്തിലെ നിലവിലെ നിയമസഭ അംഗങ്ങൾ, കേരളത്തിൽ നിന്നുള്ള ഇന്ത്യൻ പാർലമെന്റ് അംഗങ്ങൾ, കേരള സർക്കാർ നാമനിർദ്ദേശം ചെയ്ത ഇന്ത്യൻ പൗരത്വമുള്ള പ്രവാസി മലയാളികൾ, മടങ്ങിയെത്തിയ പ്രവാസി പ്രതിനിധികൾ എന്നിവരും പങ്കെടുക്കും. ബഡ്ജറ്റിൽ 2022 ലെ ബഡ്ജറ്റിൽ ലോക കേരള സഭയ്ക്കായി 3 കോടി രൂപയും ആഗോള സാംസ്കാരികോത്സവത്തിനായി 1 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.
അതേസമയം, സാമ്പത്തിക പ്രതിസന്ധിക്കിടെ നാലു കോടി ചെലവിൽ സമ്മേളനം സംഘടിപ്പിക്കുന്നതിൽ പ്രതിപക്ഷം വിയോജിപ്പ് അറിയിച്ചിട്ടുണ്ട്. ലോക കേരള സഭയിൽ പങ്കെടുക്കുന്ന കാര്യത്തിൽ യു.ഡി.എഫ് ചർച്ച ചെയ്ത് തീരുമാനം എടുക്കുമെന്നാണ് പ്രതിപക്ഷ നേതാവിന്റെ നിലപാട്.