കേരളം
നാല് വർഷത്തിന് ശേഷം കെഎസ്ആർടിസിയിൽ സ്ഥാനക്കയറ്റം നടപ്പിലാക്കി; 353 ജീവനക്കാർക്ക് സ്ഥാനക്കയറ്റം നൽകി.
ശമ്പള പരിഷ്കരണത്തിന്റെ ഭാഗമായി ജീവനക്കാരുടെ അംഗീകൃത സംഘടനകളുമായി ഒപ്പ് വെച്ച ദീർഘകാല കരാർ പ്രകാരം 353 ജീവക്കാരുടെ സ്ഥാനക്കയറ്റം കെഎസ്ആർടിസി നടപ്പിലാക്കി. നാല് വർഷത്തിന് ശേഷമാണ് സ്ഥാനക്കയറ്റം കെഎസ്ആർടിസി നടപ്പിലാക്കുന്നത്.
കണ്ടക്ടർ തസ്തികയിൽ നിന്നും 107 പേരെ സ്റ്റേഷൻ മാസ്റ്റർമാരായും , 71 സ്റ്റേഷൻ മാസ്റ്റർമാരെ ഇൻസ്പെക്ടർമാരായും , 113 ഡ്രൈവർമാരെ വെഹിക്കിൾ സൂപ്പർ വൈസർമാരായും, 10 വെഹിക്കിൾ സൂപ്പർവൈസർമാരെ ഹെഡ് വെഹിക്കിൾ സൂപ്പർവൈസർമാരായും, 4 സീനിയർ അസിസ്റ്റന്റുമാരെയും 48 സ്പെഷ്യൽ അസിസ്റ്റന്റുമാരെയും ചേർത്ത് 52 പേരെ സൂപ്രണ്ട് മാരായുമാണ് സ്ഥാനക്കയറ്റം നൽകിയത്.
കെഎസ്ആർടിസിയുടെ ചരിത്രത്തിൽ ആദ്യമായി ഒരു വനിതയും ഇൻസ്പെക്ടറുമായി . തൊടുപുഴ ഡിപ്പോയിലെ സ്റ്റേഷൻ മാസ്റ്റർ കെ.ആർ. രോഹിണിയാണ് ഇൻസ്പെക്ടർ പദവിയിൽ എത്തിയത്. പുനലൂരിലേക്കാണ് നിയമനം. കെഎസ്ആർടിസിയിലെ രണ്ടാമത്തെ സ്റ്റേഷൻ മാസ്റ്ററായി തിരുവനന്തപുരം സിറ്റി യൂണിറ്റിലെ സംഗീത വി.എസിനെ പുനലൂരിലേക്ക് നിയമിച്ചു. ചാലക്കുടി ഡിപ്പോയിൽ ഇപ്പോൾ ജോലി നോക്കുന്ന ഷീല വി.പിയെന്ന ഏക വനിതാ ഡ്രൈവറും കെഎസ്ആർടിസിക്ക് നിലവിൽ ഉണ്ട്.
സർവ്വീസുകൾ കാര്യക്ഷമായി നടത്തുന്നതിന് വേണ്ടിയുള്ള തസ്തികളിലേക്ക് ഏറെ നാളുകളായി പ്രമോഷൻ നടത്താത്തതിനാൽ ഈ സ്ഥാനത്ത് താൽക്കാലികമായി സീനിയർ ജീവനക്കാർക്ക് ചുമതല നൽകിയാണ് പ്രവർത്തനം നടത്തി വന്നത്. ഇവിടെ സ്ഥിരം ജീവനക്കാർ എത്തുന്നതോടെ സർവ്വീസുകൾ കൂടുതൽ കാര്യക്ഷമമാകുകയും ചെയ്യും.
ഈ പ്രമോഷൻ കാരണം കെഎസ്ആർടിസിക്ക് 12 ലക്ഷം രൂപയുടെ അധിക ചിലവ് ഉണ്ടാകുമെങ്കിലും ജനുവരിയിൽ ഒപ്പ് വെച്ച് കരാറിന്റെ അടിസ്ഥാനത്തിലാണ് ഇത് നടപ്പിലാക്കുന്നത്.
വൈഹിക്കിൽ സൂപ്പർവൈസർമാരാണ് ഡ്രൈവർമാരെ ഷെഡ്യൂൾ ചെയ്യുന്നത്. ആ സ്ഥാനത്ത് മിക്കവാറും എല്ലാ സ്ഥലങ്ങളിലും സീനിയർ ഡ്രൈവർമാരാണ് വെഹിക്കിൾ ഇൻസ്പെക്ടർമാരുടെ ചാർജ് വഹിച്ചിരുന്നത്.
ടിക്കറ്റ് പരിശോധന നടത്തേണ്ടിയിരുന്നത് ഇൻസ്പെക്ടർമാരാണ്. ഇൻസ്പെക്ടർമാരുടെ കുറവ് കാരണം , ടിക്കറ്റ് പരിശോധന കാര്യക്ഷമമായി നടത്താൻ കഴിയാത്ത സ്ഥിതിയുമായിരുന്നു. ഇങ്ങനെ സ്ഥാപനത്തിന് വളരെ അത്യാവശ്യമുള്ള തസ്തികയിലേക്കാണ് ഇപ്പോൾ സ്ഥാനക്കയറ്റം നൽകിയിരിക്കുന്നത്.
കേരളത്തിൽ ഉടനീളം 15 അഡ്മിനിസ്ട്രേറ്റീവ് ഓഫീസുകളിലൂടെയാകും ഇനി മുതൽ കെഎസ്ആർടിസിയുടെ ഭരണവും, അക്കൗണ്ട്സ് പരമായ കാര്യങ്ങൾ നടപ്പാക്കുന്നത്. നിലവിൽ ഡിപ്പോകളിലാണ് ഇക്കാര്യങ്ങൾ ചെയ്തു വന്നിരുന്നത്. ഇതിനെ 15 ജില്ലാ അഡ്മിനിസ്ട്രേറ്റീവ് ഓഫീസും ഒരു ചീഫ് ഓഫീസുമായാകും ഇനി പ്രവർത്തനം നടത്തുക.
കൂടാതെ 19 ഓപ്പറേറ്റിംഗ് സെന്ററുകളിൽ ഉള്ള വർക്ക് ഷോപ്പുകൾ നിർത്തി പകൽ സമയങ്ങളിൽ നടത്തി വന്ന മെയിന്റൻസ് ജോലികൾ രാത്രിയിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്. വർക്ക് ഷോപ്പ് ആധുനിക വത്കരണത്തിന്റെ ഭാഗമായി ലൈലാന്റുമായി ചേർന്ന് എടപ്പാളിൽ ആരംഭിക്കുന്ന റീക്കണ്ടീഷൻ പ്ലാന്റിന്റെ ജോലിയും പുരോഗമിക്കുകയാണ്. ഇതോടൊപ്പം നിലവിലുള്ള 100 വർക്ക് ഷോപ്പ് എന്നത് ഘട്ടം ഘട്ടമായി 22 വർക്ക്ഷോപ്പായും, 100 സ്റ്റോർ എന്നത് 22 സ്റ്റോറായും കുറയ്ക്കും. ഇതിന്റെ പ്രവർത്തനങ്ങളും ആരംഭിച്ചു. ചിലവ് കുറച്ച് ഉൽപ്പാദന ക്ഷമത കൂട്ടി 25 കോടി രൂപയിലധികം രൂപയുടെ നേട്ടം ഉണ്ടാക്കാനാണമെന്നുള്ള സുശീൽ ഖന്ന റിപ്പോർട്ട് പ്രകാരമുള്ള ഈ നടപടികളാണ് ഇപ്പോൾ നടപ്പിലാക്കുന്നത്.