കേരളം
കോൺഗ്രസ് മാർച്ചിൽ കൊല്ലത്തും കോഴിക്കോട്ടും സംഘർഷം; ജലപീരങ്കി, ലാത്തിച്ചാർജ്
മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് നടത്തിയ മാർച്ചിൽ ഇന്നും സംഘർഷം. കോഴിക്കോട് കളക്ടറേറ്റിലേക്ക് നടത്തിയ കോൺഗ്രസ് പ്രതിഷേധം പൊലീസ് തടഞ്ഞു. തുടർന്ന് ബാരിക്കേഡുകൾ തകർത്ത് മുന്നേറാൻ പ്രവർത്തകർ ശ്രമിച്ചതോടെ പൊലീസ് ബലംപ്രയോഗിച്ചു. സംഘർഷമുണ്ടായതോടെ പൊലീസ് പ്രവർത്തകരെ പിരിച്ചുവിടാൻ ജലപീരങ്കി പ്രയോഗിച്ചു.
കോഴിക്കോട് ദേശീയപാത ഉപരോധിക്കാൻ പ്രവർത്തകർ ശ്രമിച്ചെങ്കിലും നേതാക്കൾ ഇടപെട്ട് പിന്തിരിപ്പിച്ചു. തുടർന്ന് കോൺഗ്രസ് പ്രവർത്തകർ കളക്ടറേറ്റിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ആലപ്പുഴ, കൊല്ലം, പത്തനംതിട്ട കളക്ടറേറ്റുകളിലേക്ക് നടത്തിയ മാർച്ച് പൊലീസ് തടഞ്ഞു. ബാരിക്കേഡ് തകർത്ത് പ്രവർത്തകർ മുന്നേറിയതോടെ, പൊലീസ് പ്രതിഷേധക്കാർക്കെതിരെ ലാത്തിച്ചാർജ് നടത്തി. കാസർകോട് ബിരിയാണി ചെമ്പുമേന്തിയായിരുന്നു കോൺഗ്രസ് പ്രതിഷേധം.
കണ്ണൂരിൽ കളക്ടറേറ്റ് മാർച്ചിനിടെ കോൺഗ്രസ് പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. മാർച്ച് പൊലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞു. തുടർന്ന് ബാരിക്കേഡ് മറികടക്കാൻ പ്രവർ്തതകർ ശ്രമിച്ചതോടെയാണ് പൊലീസുമായി ഉന്തും തള്ളുമുണ്ടായത്. കണ്ണൂരിൽ മാർച്ച് അക്രമാസക്തമായേക്കുമെന്ന് ഇന്റലിജൻസ് റിപ്പോർട്ടുണ്ടായിരുന്നു.
കോൺഗ്രസിന്റെ പ്രതിഷേധ മാർച്ച് കണക്കിലെടുത്ത് കെപിസിസി പ്രസിഡന്റ് കെ സുധാകരന് പൊലീസ് നോട്ടീസ് നൽകിയിട്ടുണ്ട്. മാർച്ചിൽ അക്രമം ഉണ്ടാകില്ലെന്ന് കെപിസിസി പ്രസിഡന്റ് ഉറപ്പുവരുത്തണം. സംഘർഷം ഉണ്ടായാൽ കടുത്ത നടപടി സ്വീകരിക്കുമെന്നും പൊലീസ് നോട്ടീസിൽ അറിയിച്ചു.