കേരളം
കേന്ദ്ര അന്വേഷണ ഏജൻസികൾക്കെതിരായ ജുഡീഷ്യൽ അന്വേഷണ കമ്മീഷൻ കാലാവധി നീട്ടി
ദേശീയ അന്വേഷണ ഏജൻസികൾക്കെതിരായ ജുഡീഷ്യൽ അന്വേഷണ കമ്മീഷൻറെ കാലാവധി നീട്ടി. ജസ്റ്റിസ് വികെ മോഹനന് കമ്മീഷന്റെ സമയ പരിധി ആറ് മാസത്തേക്കാണ് നീട്ടിയത്. ഇന്ന് ചേർന്ന ക്യാബിനറ്റ് യോഗത്തിലാണ് തീരുമാനം.
കേരളത്തില്‍ 2020 ജൂലൈ മുതല്‍ വിവിധ കേന്ദ്ര ഏജന്‍സികള്‍ നടത്തി വരുന്ന അന്വേഷണങ്ങള്‍ വഴിമാറുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിശോധിക്കുന്നതിനാണ് റിട്ട. ജസ്റ്റിസ് വികെ മോഹനന് അന്വേഷണ കമ്മീഷനെ നിയമിച്ചത്. സ്വർണ്ണക്കടത്ത് വിവാദം മുറുകുന്നതിനിടെയാണ് സംസ്ഥാന സർക്കാർ ജുഡിഷ്യൽ കമ്മീഷനെ വെച്ചത്. സംസ്ഥാന സർക്കാരിന്റെ അസാധാരണ നടപടി വലിയ ചർച്ചയായിരുന്നു.
ഇതേ സ്വർണ്ണക്കടത്ത് കേസുകളുമായി ബന്ധപ്പെട്ട അന്വേഷണവും മുഖ്യമന്ത്രിക്കെതിരായ പ്രതിയുടെ നിർണായക വെളിപ്പെടുത്തലും വരുന്നതിനിടെയാണ് ജുഡീഷ്യൽ അന്വേഷണ കമ്മീഷൻറെ കാലാവധി നീട്ടിയതെന്നത് ശ്രദ്ധേയമാണ്. മുഖ്യമന്ത്രി പിണറായി വിജയനെതിരായ സ്വപ്ന സുരേഷിൻറെ വെളിപ്പെടുത്തലിൽ വെട്ടിലായ സംസ്ഥാന സർക്കാർ, സംസ്ഥാന ഏജൻസികളെ കൊണ്ടുള്ള അന്വേഷണം വഴി അതിവേഗം തിരിച്ചടിക്കുകയാണ്. വിജലൻസിനെയും പൊലീസിനെയും ജൂഡീഷ്യൽ കമ്മീഷനെയും ഉപയോഗിച്ചാണ് തിരിച്ചടിക്കാനുള്ള ശ്രമം.