കേരളം
മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം; കോണ്‍ഗ്രസ് ഇന്ന് കരിദിനം ആചരിക്കും
സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട് സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഇന്ന് സംസ്ഥാനത്ത് കരിദിനം ആചരിക്കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും ഇന്ന് പ്രതിഷേധം സംഘടിപ്പിക്കും.
സ്വര്‍ണ്ണകള്ളക്കടത്തില്‍ മുഖ്യമന്ത്രിയുടെ പങ്ക് പുറത്തുവന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ന് വൈകീട്ട് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ കരിങ്കൊടികളുമായി മുദ്രാവാക്യം വിളിച്ച് പ്രകടനം നടത്തി കരിദിനം ആചരിക്കുമെന്ന് കെപിസിസി അറിയിച്ചു. വെള്ളിയാഴ്ച ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ കളക്ടേറ്റ് മാര്‍ച്ച് നടത്തും.
സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ഇന്നലെ വൈകീട്ട് മുതല്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്. ബിരിയാണിച്ചെമ്പുമായി സെക്രട്ടേറിയേറ്റിന് മുന്നില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു.
പ്രവര്‍ത്തകര്‍ ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമിച്ചതോടെ പൊലീസ് ജലപീരങ്കി അടക്കം പ്രയോഗിച്ചു. മലപ്പുറത്ത് യൂത്ത് ലീഗ് പ്രവര്‍ത്തകരും, പാലക്കാട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. പാലക്കാട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ബിരിയാണി ചെമ്പുമായി സുല്‍ത്താന്‍പേട്ട സിഗ്‌നല്‍ ഉപരോധിച്ചു. റോഡില്‍ കുത്തിയിരിക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കി.
സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ഗുരുതര വെളിപ്പെടുത്തലാണ് സ്വപ്‌ന സുരേഷ് നടത്തിയത്. 2016ല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിദേശത്തായിരുന്നപ്പോള്‍ ബാഗേജ് ക്ലിയറന്‍സിന് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ തന്നെ വിളിച്ചെന്നും മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് യുഎഇ കോണ്‍സുല്‍ ജനറല്‍ സാധനങ്ങള്‍ കൊടുത്തയച്ചു എന്നുമാണ് സ്വപ്‌ന സുരേഷിന്റെ ആരോപണം.