കേരളം
ടൂറിസ്റ്റ് വാഹനങ്ങളിലെ വലിയ ശബ്ദത്തിലെ സംഗീതം നിയമ വിരുദ്ധം; നടപടിക്ക് നിർദേശം
വാഹനങ്ങളിൽ വലിയ ശബ്ദമുണ്ടാക്കുന്ന ഹൈ പവർ ഓഡിയോ സിസ്റ്റം ഘടിപ്പിക്കുന്നത് നിയമ വിരുദ്ധമെന്ന് ഹൈക്കോടതി. ബൂസ്റ്ററുകളും ആംപ്ലിഫയറുകളും സ്പീക്കറുകളും സബ് ബൂഫറുകളുമെല്ലാമുള്ള ഓഡിയോ സിസ്റ്റം വാഹനങ്ങളിൽ അനുവദനീയമല്ലെന്ന് ജസ്റ്റിസുമാരായ അനിൽ കെ നരേന്ദ്രൻ, പിജി അനിൽകുമാർ എന്നിവർ അടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
വാഹന അപകടങ്ങളുമായി ബന്ധപ്പെട്ടു സ്വമേധയാ എടുത്ത കേസിലാണ് ഹൈക്കോടതി ഉത്തരവ്. ആയിരക്കണക്കിനു വാട്ട്‌സ് വരുന്ന ഹൈ പവർ ഓഡിയോ സിസ്റ്റത്തിൽനിന്നുള്ള ശബ്ദം ഡ്രൈവറുടെയും യാത്രക്കാരുടെയും കേൾവിയെ തടസ്സപ്പെടുത്തുമെന്നു മാത്രമല്ല, മറ്റു ഡ്രൈവർമാരുടെ ശ്രദ്ധ തിരിയാൻ കാരണമാവുമെന്നും കോടതി ചൂണ്ടിക്കാട്ടി. ഇത്തരം സംവിധാനത്തിനു വേണ്ടി എസിയും ഡിസിയും ചേർത്ത് ഉപയോഗിക്കുന്നത് സുരക്ഷാ മാനദണ്ഡങ്ങൾക്കു വിരുദ്ധമാണ്. ഇതു യാത്രക്കാർക്ക് അപകട സാധ്യതയുണ്ടാക്കുമെന്ന് കോടതി പറഞ്ഞു.
ഹൈ പവർ ഓഡിയോ സിസ്റ്റവും നിരന്തരം ചലിക്കുന്നതും മിന്നുന്നതും ബഹു വർണത്തിൽ ഉള്ളതുമായ എൽഇഡി/ലേസർ ലൈറ്റുകൾ ഉപയോഗിക്കുന്നതും നിയമ വിരുദ്ധമാണ്. ഇത്തരം വാഹനങ്ങൾ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റിന് അർഹമല്ലെന്ന് കോടതി വ്യക്തമാക്കി. ഇത്തരം സംവിധാനങ്ങൾ ഉള്ളതും മാനദണ്ഡങ്ങൾക്കു വിരുദ്ധമായി തുളക്കുകയറുന്ന ശബ്ദമുള്ള ഹോൺ ഉപയോഗിക്കുന്നതുമായ വാഹനങ്ങൾക്കെതിരെ നടപടിയെടുക്കാൻ മോട്ടോർ വാഹന വകുപ്പിനും പൊലീസിനും കോടതി നിർദേശം നൽകി.