കേരളം
കൂളിമാട് പാലം തകർച്ച: വിജിലന്‍സ് റിപ്പോർട്ട് ഇന്ന് നൽകും
കോഴിക്കോട് കൂളിമാട് പാലം തകര്‍ന്നതുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വിജിലന്‍സ് വിഭാഗം ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചേയ്ക്കും. ഈ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാകും പാലത്തിന്‍റെ പുനര്‍നിര്‍മാണം അടക്കമുള്ളവയുടെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനമെടുക്കുക.
കോഴിക്കോട്– മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന കൂളിമാട് പാലത്തിന്‍റെ മൂന്ന് ബീമുകള്‍ മേയ് 16നാണ് തകര്‍ന്നുവീണത്. ഹൈഡ്രോളിക് ജാക്കി ഉപയോഗിച്ച് ബീമുകള്‍ ഉയര്‍ത്തുമ്പോള്‍ ഒരു ജാക്കി തകരാറിലായതാണ് ബീമുകള്‍ തകര്‍ന്നുവീഴാന്‍ കാരണമെന്നാണ് അധികൃതരുടെ വിശദീകരണം. സ്ഥലം സന്ദര്‍ശിച്ച പൊതുമരാമത്ത് വിജിലന്‍സ് വിഭാഗം വിശദമായ പരിശോധന നടത്തിയിരുന്നു.
നിര്‍മാണവുമായി ബന്ധപ്പെട്ട രേഖകളെല്ലാം പരിശോധിച്ച ശേഷമാണ് അവര്‍ റിപ്പോര്‍്ട്ട് തയ്യാറാക്കിയിരിക്കുന്നത്. പാലം തകര്‍ന്നതിന് പിന്നാലെ കരാറുകാരായ ഊരാലുങ്കല്‍ ലേബര്‍ സൊസൈറ്റി പുനര്‍നിര്‍മാണ നടപടികളിലേയ്ക്ക് കടന്നിരുന്നുവെങ്കിലും റിപ്പോര്‍ട്ട് വരുന്നത് വരെ നിര്‍മാണം നിര്‍ത്തിവയ്ക്കാന്‍ മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിര്‍ദേശം നല്‍കുകയായിരുന്നു. പൊതുമരാമത്ത് വിജിലന്‍സിന് പുറമേ പൊലിസ് വിജിലന്‍സും അന്വേഷണം നടത്തുന്നുണ്ടെങ്കിലും ഇതുവരെ അവരും റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ല.