ദേശീയം
കോണ്‍ഗ്രസ് അധികാരത്തിലേറുന്ന ദിവസം കര്‍ഷക നിയമം കീറി കുപ്പത്തൊട്ടിയിലെറിയും: രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധികാരത്തിലെത്തുന്ന ആ ദിവസം കേന്ദ്രസര്‍ക്കാര്‍ അടുത്തിടെ പാസാക്കിയ മൂന്ന് കരിനിയമങ്ങളും ചവറ്റുകുട്ടയിലേക്ക് വലിച്ചെറിയുമെന്ന് രാഹുല്‍ ഗാന്ധി. പഞ്ചാബിലെ മോഗയില്‍ കോണ്‍ഗ്രസിന്റെ ഖേടി ബചാവോ യാത്രയിലാണ് രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന.
പ്രധാനമന്ത്രി നരേന്ദ്രമോദിയെ രാഹുല്‍ ഗാന്ധി രൂക്ഷമായി വിമര്‍ശിച്ചു. കേന്ദ്രം പാവപ്പെട്ടവര്‍ക്കും കര്‍ഷകനും ഒരു സഹായവും നല്‍കിയിട്ടില്ല. ആറ് വര്‍ഷമായി മോദി നുണ പറയുന്നു. കര്‍ഷകര്‍ക്കും, പാവപ്പെട്ടവര്‍ക്കുമായി കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ ഒന്നും ചെയ്തിട്ടില്ലെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു.ഈ നിയമത്തില്‍ രാജ്യത്തെ കര്‍ഷകര്‍ സന്തുഷ്ടരാണെങ്കില്‍ പിന്നെന്തിനാണ് അവര്‍ രാജ്യം മുഴുവന്‍ പ്രതിഷേധിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു.
ജനാധിപത്യ മര്യാദകള്‍ ലംഘിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ലോക്സഭയിലും രാജ്യസഭയിലും ചര്‍ച്ച നടത്തണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കര്‍ഷകര്‍ക്ക് വേണ്ടിയാണ് നിയമമെന്ന് പ്രധാനമന്ത്രി പറയുന്നു. പിന്നെ എന്തുകൊണ്ടാണ് പരസ്യ ചര്‍ച്ച നടത്താതിരുന്നതെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു.