കേരളം
തിരുവനന്തപുരത്തെ ഗുണ്ടാ കൊലപാതകം; ലോഡ്ജില്‍ മദ്യപാനത്തിനിടെ പാട്ടിനെ ചൊല്ലി തര്‍ക്കം, പ്രതികളില്‍ ഒരാള്‍ പൂജാരി
തിരുവനന്തപുരത്തെ ഗുണ്ടാ കൊലപാതകത്തിലെ പ്രതികളില്‍ ഒരാള്‍ പൂജാരി. നെട്ടയം മലമുകളില്‍ നിന്നാണ് പൂജാരിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ലോഡ്ജില്‍ മദ്യപാനത്തിനിടെ പാട്ടിനെ ചൊല്ലിയുള്ള തര്‍ക്കമാണ് പ്രകോപനത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കരുതി കൂട്ടിയുള്ള കൊലപാതകമാണോ എന്നതടക്കമുള്ള കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത ലഭിക്കാനുണ്ട്. ഇക്കാര്യം അന്വേഷിച്ച് വരികയാണെന്ന് പൊലീസ് പറയുന്നു. നിലവില്‍ പൂജാരി ഉള്‍പ്പെടെ രണ്ടുപേരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്.
ഇന്നലെ രാത്രിയാണ് ഇരട്ടക്കൊലക്കേസ് പ്രതിയായ മണിച്ചന് വെട്ടേറ്റു മരിച്ചത്. തിരുവനന്തപുരം വഴയില ആറാംകല്ലിലെ സ്വകാര്യ ലോഡ്ജില്‍ വെച്ചായിരുന്നു സംഭവം. ഇയാളോടൊപ്പം ഉണ്ടായിരുന്ന ഹരികുമാര്‍ എന്നയാള്‍ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തിന് പിന്നാലെ സ്ഥലത്തെത്തിയ പൊലീസ് പ്രതികള്‍ക്കായി നടത്തിയ തെരച്ചിലിന് ഒടുവിലാണ് പൂജാരിയെ നെട്ടയം മലമുകളില്‍ നിന്ന് പിടികൂടിയത്.
മദ്യപിക്കുന്നതിനിടെ ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. നിരവധി കേസുകളിലെ പ്രതിയായ മണിച്ചനും സുഹൃത്ത് ഹരികുമാറും രണ്ടു ദിവസം മുമ്പാണ് ലോഡ്ജില്‍ മുറിയെടുത്തത്. 2016 ലെ വഴയില ഇരട്ടക്കൊലപാതകക്കേസിലെ പ്രതിയാണ് മണിച്ചന്. സംഘങ്ങള്‍ തമ്മില്‍ മുന്‍വൈരാഗ്യമുണ്ടെന്നും പൊലീസ് പറയുന്നു. മുന്‍പും ഇരുസംഘങ്ങള്‍ തമ്മില്‍ അടിപിടി ഉണ്ടായിട്ടുണ്ട്. എന്നാല്‍ കരുതി കൂട്ടിയുള്ള കൊലപാതകമാണോ പെട്ടെന്ന് ഉണ്ടായ പ്രകോപനം കൊലപാതകത്തില്‍ കലാശിച്ചതാണോ എന്നതടക്കമുള്ള കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത ലഭിക്കാനുണ്ടെന്ന് പൊലീസ് പറയുന്നു.
ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഹരികുമാറിന്റെ മൊഴി നിര്‍ണായകമായിരിക്കുമെന്നും പൊലീസ് പറയുന്നു. മദ്യപാനത്തിനിടെ പാട്ടിനെ ചൊല്ലിയുള്ള തര്‍ക്കമാണ് പ്രകോപനത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പെട്ടെന്നുള്ള പ്രകോപനത്തില്‍ മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് മണിച്ചന്റെ തലയ്ക്ക് പരിക്കേല്‍പ്പിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ചുറ്റിക കൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നു. എന്നാല്‍ തുടരന്വേഷണത്തില്‍ മാത്രമേ ഇക്കാര്യങ്ങളിലെല്ലാം കൂടുതല്‍ വ്യക്തത ലഭിക്കുകയുള്ളൂവെന്നും പൊലീസ് പറയുന്നു.