കേരളം
സംസ്ഥാനത്ത് ഇന്നും പരക്കെ മഴ; മൺസൂൺ നാളെയോടെ
സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത.ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പ് ഇല്ല. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ ലഭിച്ചേക്കും. മലയോരമേഖലകളിൽ കൂടുതൽ മഴയ്ക്ക് സാധ്യത ഉണ്ട്. മത്സ്യത്തൊഴിലാളികൾക്ക് പ്രത്യേക ജാഗ്രത നിർദേശം ഇല്ല.
കാലവർഷത്തിന് മുന്നോടിയായുള്ള പടിഞ്ഞാറൻ കാറ്റിന്റെ സ്വാധീന ഫലമായാണ് ഈ ദിവസങ്ങളിലെ മഴ. നാളെയോടെ മൺസൂൺ തുടങ്ങുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ. എങ്കിലും കാലവർഷം എത്തിച്ചേരുന്നത് കുറച്ചുകൂടി വൈകാൻ സാധ്യത ഉണ്ട്.
അടുത്ത 3 മണിക്കൂറിൽ കേരളത്തിൽ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കീ.മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.