കേരളം
വിസ്മയ കേസ്: കിരണ്‍ കുമാറിന് പത്തു വര്‍ഷം തടവ്
സ്ത്രീധന പീഡനത്തെ തുടര്‍ന്ന് വിസ്മയ ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവ് കിരണ്‍ കുമാറിന് (31) പത്തു വര്‍ഷം തടവ്. കൊല്ലം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷാ വിധി പ്രഖ്യാപിച്ചത്. സ്ത്രീധന പീഡനവും ഗാര്‍ഹിക പീഡനവും ഉള്‍പ്പെടെ പ്രോസിക്യൂഷന് ചുമത്തിയ കുറ്റങ്ങള്‍ കിരണ്‍ ചെയ്തതായി കോടതി തിങ്കളാഴ്ച കണ്ടെത്തിയിരുന്നു. സ്ത്രീധന മരണം വകുപ്പു പ്രകാരമാണു ശിക്ഷ. മറ്റു 2 വകുപ്പുകളിൽ യഥാക്രമം 6, 2 വർഷം വീതം ശിക്ഷ വിധിച്ചെങ്കിലും ഒന്നിച്ച് അനുഭവിച്ചാൽ മതി. സ്ത്രീധനമരണത്തിൽ ഐപിസി 304 പ്രകാരം പത്ത് വർഷം തടവും, ആത്മഹത്യാപ്രേരണയ്ക്ക് ഐപിസി 306 പ്രകാരം ആറുവർഷം തടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ഐപിസി 498 എ പ്രകാരം രണ്ടുവർഷം തടവും അരലക്ഷം രൂപ പിഴയുമാണ് ശിക്ഷ. കൊല്ലം ഒന്നാം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി കെ.എൻ. സുജിത്താണ് ശിക്ഷ വിധിച്ചത്. ശിക്ഷാവിധിയിൽ തൃപ്തയല്ലെന്നും ജീവപര്യന്തമാണ് പ്രതീക്ഷിച്ചതെന്നും വിസ്മയയുടെ അമ്മ പ്രതികരിച്ചു. പ്രതിക്ക് പരമാവധി ശിക്ഷ ലഭിക്കാൻ മേൽകോടതിയെ സമീപിക്കുമെന്നും അവർ പറഞ്ഞു.
കോടതിയിൽ വിസ്മയ കേസില്‍ കുറ്റം നിഷേധിച്ച് പ്രതി കിരൺ കുമാർ. എനിക്ക് പ്രായം കുറവാണെന്നും ശിക്ഷയിൽ ഇളവ് വേണമെന്നും പ്രതി ആവശ്യപ്പെട്ടു. താൻ തെറ്റ് ചെയ്തിട്ടില്ല. വിസ്മയയുടേത് ആത്മഹത്യയാണെന്നും താൻ നിരപരാധിയാണെന്നും കിരൺ കുമാർ കോടതിയിൽ പറഞ്ഞു. വിധി പുറപ്പെടുവിക്കുന്നതിന് മുമ്പ് എന്തെങ്കിലും പറയാനുണ്ടോയെന്ന് കോടതി ചോദിച്ചപ്പോഴായിരുന്നു കിരണിന്റെ പ്രതികരണം. വിസ്മയുടേത് ആത്മഹത്യയെന്നും ശിക്ഷയില്‍ ഇളവ് വേണമെന്നും കിരണ്‍ ആവശ്യപ്പെട്ടു. താന്‍ കുറ്റം ചെയ്തിട്ടില്ല, നിരപരാധിയാണ്, അച്ഛന് സുഖമില്ല, കുടുംബത്തിന്റെ ചുമതല തനിക്കെന്നും കിരണ്‍ കോടതിയെ അറിയിച്ചു. എന്നാല്‍, പ്രതിയോട് അനുകമ്പ പാടില്ലെന്നായിരുന്നു പ്രോസിക്യൂഷന് വാദം. വിധി സമൂഹത്തിന് സന്ദേശമാകണം. കേസ് വ്യക്തിക്കെതിരെ അല്ല, കോടതി വിധി സമൂഹത്തിന് സന്ദേശമാകണമെന്ന് പ്രോസിക്യൂഷൻ പറഞ്ഞു. പ്രത്യേക സാഹചര്യത്തിൽ ആത്മഹത്യ കൊലപാതകമായി കണക്കാമെന്നും പ്രോസിക്യൂഷൻ കൂട്ടിച്ചേര്‍ത്തു.
കിരണ്‍ കുറ്റക്കാരനാണെന്ന് ഇന്നലെ കോടതി പ്രഖ്യാപിച്ചെങ്കിലും ശിക്ഷാ വിധി ഇന്നത്തേക്ക് മാറ്റുകയായിരുന്നു. കിരണിനെതിരെ ചുമത്തിയവയില്‍ ഗുരുതര വകുപ്പുകളിലെല്ലാം ഇയാള്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. സ്ത്രീധന പീഡനം മൂലമുള്ള മരണം 304 (ബി), സ്ത്രീധന പീഡനം (498 എ), ആത്മഹത്യാ പ്രേരണ (306) എന്നീ മൂന്ന് കുറ്റങ്ങളും തെളിഞ്ഞതായി കോടതി വ്യക്തമാക്കി.
ഇന്ന് വിസ്മയ കേസില്‍ വിധി കേള്‍ക്കാന്‍ പിതാവ് തിവിക്രമന്‍ നായര്‍ കോടതിയിലേക്ക് പോയത് വിസ്മയ്ക്ക് സ്ത്രീധനമായി നല്കിയ കാറില്‍. കാറിന്റെ മുന്‍ സീറ്റ് ഒഴിച്ചിട്ടായിരുന്നു യാത്ര. മകള്‍ വിസ്മയയുടെ ആത്മാവ് കാറിലുണ്ടെന്നാണ് വിശ്വസിക്കുന്നുവെന്ന് തിവിക്രമന്‍ പറഞ്ഞു. വിസ്മയയുമൊത്താണ് കാര്‍ വാങ്ങാന്‍ പോയതെന്നും അവള്‍ക്കേറെ ഇഷ്ടമുള്ള വണ്ടിയായിരുന്നെന്നും പിതാവ് പറഞ്ഞു.
പ്രോസിക്യൂഷന്റെ ഭാഗത്തുനിന്ന് 41 സാക്ഷികളെ വിസ്തരിക്കുകയും 118 രേഖകള്‍ തെളിവില്‍ അക്കമിടുകയും 12 തൊണ്ടിമുതലുകള്‍ നല്‍കുകയും ചെയ്തിരുന്നു. പ്രതിയുടെ പിതാവ് സദാശിവന് പിള്ള, സഹോദരപുത്രന് അനില്‍കുമാര്‍, ഭാര്യ ബിന്ദുകുമാരി, പ്രതിയുടെ സഹോദരി കീര്‍ത്തി, ഭര്‍ത്താവ് മുകേഷ് എം.നായര്‍ എന്നീ അഞ്ച് സാക്ഷികള്‍ വിസ്താരത്തിനിടെ കൂറുമാറിയതും വെല്ലുവിളിയായിരുന്നു. എന്നാല്‍, പ്രതിബന്ധങ്ങളെ വകഞ്ഞ് മാറ്റി സത്യം തെളിയിക്കാന്‍ പ്രോസിക്യൂഷന് തുണയായത് കിരണ്‍കുമാറിന്റെ തന്നെ കൈയ്യിലുള്ള രേഖകളായിരുന്നു.
കിരണ്‍കുമാറിന്റെ ഫോണ്‍ സൈബര്‍ പരിശോധനയ്ക്കയച്ചതില്‍ നിന്നും റെക്കോഡ് ചെയ്തിരുന്ന സംഭാഷണങ്ങള്‍ കണ്ടെത്താനായി. ഈ ഡിജിറ്റല്‍ തെളിവുകളാണ് കേസില്‍ ഏറെ നിര്‍ണായകമായത്. സ്ത്രീധന സംബന്ധമായി നടത്തിയതുള്‍പ്പെടെ വിസ്മയയുമായുള്ള സംഭാഷണങ്ങള്‍ കോടതിയില്‍ തെളിവായി ഹാജരാക്കി. അഞ്ച് ലക്ഷത്തിലധികം ഡിജിറ്റൽ രേഖകള്‍ കേസിന് ആസ്പദമായി അന്വേഷണ സംഘം ശേഖരിച്ചു. ഫോണ്‍ കോളുകളും വാട്സ്ആപ്പ് ചാറ്റുകളുമടക്കമുള്ള ഡിജിറ്റല്‍ തെളഇവുകള് അന്വേഷണ സംഘത്തിന് പരിശോധിക്കേണ്ടി വന്നു. 24,000 ത്തോളം സന്ദേശങ്ങള്‍ പോലീസ് സംഘം വിശദമായി പരിശോധിച്ചു. ഇതില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട സന്ദേശങ്ങളാണ് കോടതിയില്‍ ഹാജരാക്കിയത്. വാട്സ്ആപ്പ് സന്ദേശങ്ങളേയും ഫോണ്‍ കോളുകളേയും കേന്ദ്രീകരിച്ചു നടത്തിയ വലിയൊരു അന്വേഷണമാണ് വിജയം കണ്ടിരിക്കുന്നത്. കേരളത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച വിസ്മയ കേസില്‍ വളരെ വേഗത്തിലാണ് കോടതി നടപടികള്‍ പൂര്‍ത്തിയാക്കിയത്.
പ്രതിഭാഗം കോടതിയില്‍ സ്വീകരിച്ചിരുന്ന നിലപാടുകളെല്ലാം കോടതി തള്ളുകയായിരുന്നു. കേസില്‍ പ്രോസിക്യൂഷന് പ്രാധാനമായും ഉയര്‍ത്തിക്കാട്ടിയ ഡിജിറ്റല്‍ തെളിവുകളുടെ ആധികാരികത ചോദ്യം ചെയ്യാനുള്ള നീക്കമായിരുന്നു പ്രതിഭാഗം കോടതിയില്‍ നടത്തിയിരുന്നത്. കുറ്റപത്രം സമര്‍പ്പിക്കുന്നതിന് തൊട്ട് മുമ്പുള്ള ദിവസമാണ് ഡിജിറ്റല്‍ തെളിവുകള്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയില്‍ നിന്ന് അന്വേഷണ സംഘത്തിന് ലഭിച്ചത്. അതു കിട്ടി 24 മണിക്കൂറുകള്‍ക്കുള്ളില്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചപ്പോള്‍ ഡിജിറ്റല്‍ തെളിവുകളെക്കുറിച്ചുള്ള പ്രതിയുടെ ഭാഗത്തെക്കുറിച്ച് പോലീസ് അന്വേഷിച്ചില്ല എന്ന് പ്രതിഭാഗം വാദിച്ചു. അന്വേഷണം അപൂര്‍ണമാണ് എന്ന വാദവും ഉയര്‍ത്തി. എന്നാല്‍, ഇക്കാര്യം കോടതി തള്ളി.
ആത്മഹത്യാക്കുറിപ്പിന്റെ കഥയുണ്ടാക്കാനും പ്രതിഭാഗം ശ്രമിച്ചു. വിസ്മയ മരിക്കുന്നതിന് തൊട്ട് മുമ്പ് ‘എന്റെ മരണത്തില്‍ ആര്‍ക്കും പങ്കില്ല’ എന്ന തരത്തിലുള്ളൊരു ആത്മഹത്യക്കുറിപ്പ് എഴുതിയിരുന്നു എന്നും ഈ ആത്മഹത്യക്കുറിപ്പ് കൊല്ലം ശാസ്താംകോട്ട പോലീസ് സ്റ്റേഷനില്‍ ഹാജരാക്കിയെങ്കിലും പോലീസ് എടുത്തിരുന്നില്ലെന്നും അത് നശിപ്പിക്കപ്പെട്ടു എന്നുമുള്ള വാദം പ്രതിഭാഗം ഉയര്‍ത്തി. ഇതും കോടതി തള്ളിക്കളഞ്ഞു. തനിക്ക് കുഞ്ഞുങ്ങളുണ്ടാകില്ല എന്ന് അറിഞ്ഞുകൊണ്ടാണ് വിസ്മയ ആത്മഹത്യ ചെയ്തത് എന്ന വാദമാണ് അവസാന ഘട്ടത്തില്‍ കോടതിക്കു മുന്നില്‍ ഉയര്‍ത്താന്‍ പ്രതിഭാഗം ശ്രമിച്ചത്. ശാസ്ത്രീയമായ പരിശോധനാ ഫലത്തിന്റെ വാദത്തില്‍ ഇക്കാര്യവും അന്വേഷണ സംഘത്തിന് പൊളിക്കാനായി.
എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്ത സമയത്തെക്കുറിച്ചുള്ള സാങ്കേതിക വാദമാണ് പ്രതിഭാഗം ഉയര്‍ത്തിയ മാറ്റൊരു വിഷയം. സംഭവം നടക്കുന്നത് ജൂണ്‍ 21 പുലര്‍ച്ചെ 3.15 ഓടെയാണ്. എന്നാല്‍, അന്ന് പുലര്‍ച്ചെ രണ്ട് മണിക്ക് പോലീസ് എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയതിരുന്നു എന്ന വാദം പ്രതിഭാഗം ഉയര്‍ത്തിക്കൊണ്ടു വന്നു. എന്നാല്‍, ഇത് കേവലം സാങ്കേതിക പ്രശ്നം മാത്രമാണെന്നും കമ്പ്യൂട്ടറില്‍ വിവരങ്ങള്‍ രേഖപ്പെടുത്തിയപ്പോള്‍ ഉണ്ടായ പിഴവ് മാത്രമാണെന്നും പ്രോസിക്യൂഷന് വാദിച്ചു. ഇതും കോടതി അംഗീകരിച്ചു.