Uncategorized
അങ്കണവാടികളില്‍ ആഴ്ചയില്‍ രണ്ട് ദിവസം പാലും മുട്ടയും തേനും നല്‍കും
അങ്കണവാടികളിൽ കുട്ടികൾക്ക് പാലും മുട്ടയും തേനും നൽകും. ആഴ്ചയിൽ രണ്ട് ദിവസം വെച്ച് ഇവ നൽകാനാണ് തീരുമാനം. ചൊവ്വ, വെള്ളി ദിവസങ്ങളിലാണ് കോഴിമുട്ടയും തേനും നൽകുക. തിങ്കൾ, വ്യാഴം ദിവസങ്ങളിൽ പാല് നൽകും. സമ്പുഷ്ട കേരളം പദ്ധതിയുടെ ഭാഗമായാണ് വനിതാ ശിശുവികസന വകുപ്പിന്റെ നീക്കം.
റാഗിപ്പൊടി കുറുക്കിയത്, ഉപ്പുമാവ്, കഞ്ഞി എന്നിവയാണ് നിലവിൽ നൽകുന്നത്. ആറ് തുള്ളി തേനാണ് ഒരു കുട്ടിക്ക് നൽകുക. ഹോർട്ടികോർപ്പുമായി ചേർന്ന് വിതരണം നടത്തുന്ന പദ്ധതിക്ക് തേൻകണം എന്നാണ് പേരിട്ടിരിക്കുന്നത്. മിൽമ പാൽ, അല്ലെങ്കിൽ ക്ഷീരസംഘങ്ങളിലെ പാലോ വേണം നൽകാൻ.
ഇവ ലഭിക്കാത്ത ഇടങ്ങളിൽ ക്ഷീര കർഷകരിൽ നിന്ന് നേരിട്ട് വാങ്ങാം. പാൽ വിതരണം ചെയ്യുന്ന ദിവസം കുട്ടി അവധിയായാൽ പിറ്റേദിവസം തൈരോ മോരോ നൽകും. പാലും മുട്ടയും പ്രഭാത ഭക്ഷണത്തോടൊപ്പം ആവും നൽകുക. പത്ത് ദിവസത്തിൽ കൂടുതൽ പഴക്കമുള്ള മുട്ട ഉപയോഗിക്കരുത്. നിലവിൽ അങ്കണവാടികളിൽ വിതരണം ചെയ്യുന്ന മറ്റ് ഭക്ഷണങ്ങളും ഇതോടൊപ്പം തുടരും.